ADVERTISEMENT

കൊല്ലം∙ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അകപ്പെട്ട തൊഴിലാളിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. മറ്റൊരു തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കുരീപ്പള്ളി അശ്വതിവില്ലയിൽ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള രാമൻകുളങ്ങര മതേതര നഗറിൽ വസുജ അപ്പാർട്മെന്റ് വളപ്പിലാണ് അപകടം. മണ്ണിനടിയിൽപെട്ട ഇലങ്കത്തുവെളി പോളയിൽ പടിഞ്ഞാറ്റതിൽ പ്രദീപിനെ (വിനോദ്–42) അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്നു പുറത്തെടുത്ത് കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് 1.50 നാണു സംഭവം. 2 ദിവസമായി നിർമാണം നടന്നു കൊണ്ടിരുന്ന കിണറിന്റെ റോഡിനോടും ചുറ്റുമതിലിനോടും ചേർന്ന ഭാഗത്തെ ചുറ്റുമതിലിന്റെ അടിസ്ഥാനം ഇടിഞ്ഞു 14 അടി താഴ്ചയിൽ കുഴിച്ചു കൊണ്ടിരുന്ന കിണറിലേക്കു പതിക്കുകയായിരുന്നു. കല്ലുപുറം സ്വദേശികളായ ഷെമീർ (40), ഉണ്ണി (48), ബാബു (48) എന്നിവരോടൊപ്പമാണ് പ്രദീപ് കിണർ കുഴിച്ചുകൊണ്ടിരുന്നത്. കിണറിലേക്ക് തൊടിയിറക്കുന്ന ജോലികൾ നടന്നു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിൽ. പ്രദീപിനൊപ്പം ഷെമീറാണ് കിണറിൽ ഇറങ്ങി നിന്നിരുന്നത്. വശങ്ങളിലെ മണ്ണ് ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഷെമീർ മുകളിലേക്കുള്ള കയറിൽ പിടിച്ചു കയറി രക്ഷപ്പെട്ടു.

ചുറ്റുമതിലിന്റെ പാറയും കോൺക്രീറ്റും അടക്കം പ്രദീപിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് മുകളിൽ വരെ മണ്ണു മൂടിയ പ്രദീപിനെ മുകളിൽ നിന്നിരുന്ന ഷെമീറാണ് കഴുത്ത് വരെ മണ്ണ് മാറ്റി ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. കഴുത്തൊപ്പം മണ്ണിൽ നിന്നിരുന്ന പ്രദീപിനെ പുറത്തെടുക്കാൻ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങി മണൽ നീക്കം ചെയ്യുകയായിരുന്നു. 3 നില അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിൽ കപ്പിയും കയറും സജ്ജമാക്കി പ്രദീപിന്റെ അരയിൽ കയർ ബന്ധിപ്പിച്ചും വശങ്ങളിലെ മണ്ണ് നീക്കിയും ഏറെ ശ്രമിച്ചാണ് ഫയർ ഫോഴ്സും നാട്ടുകാരും പൊലീസും  ചേർന്ന് കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

രക്ഷാപ്രവർത്തകർ

ജില്ലാ ഫയർ ഓഫിസർ വിസി വിശ്വനാഥിന്റെ നേതൃത്വത്തിൽ ചാമക്കട, കടപ്പാക്കട ഫയർ സ്റ്റേഷനുകളിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അസി. സ്റ്റേഷൻ ഓഫിസർമാരായ ശിവശങ്കർ, ജയകുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർമാരായ സുനിൽ, ഗിരീഷ്കുമാർ, ഡൊമനിക്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സാബു, ഫയർ ഓഫിസർമാരായ വിപിൻ, മണികണ്ഠൻ, അതുൽ അശോക്, റോയ്, വിജേഷ്, മനീഷ്, ഉണ്ണിപ്രസാദ്, ശരത്, കൃഷ്ണചന്ദ്, ഹരിരാജ്, രഞ്ജിത്ത്, പത്മകുമാർ, കൃവദേവൻ, സാബുതോമസ്, വിമൽ, ഹോം ഗാർഡുമാരായ രൂപേഷ്, പ്രജിത്, സാബു എന്നീ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷെഫീഖ് എസ്ഐമാരായ അനീഷ്, ജയലാൽ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഒഴിവായത്  വൻ ദുരന്തം

മൂന്ന് നിലയുള്ള വസുജ അപ്പാർട്ട്മെന്റ് വളപ്പിലെ കിണർ അപകടത്തിൽ വൻ ദുരന്തം ഒഴിവായതു അഗ്നിരക്ഷാസേനയുടെ ശ്രമകരമായ ഇടപെടലിലൂടെ. അപ്പാർട്മെന്റിനോടും റോഡിനോടും ഒരു മീറ്റർ പോലും അകലമില്ലാതെ മണ്ണ് നിറഞ്ഞ സ്ഥലത്ത് കിണർ കുഴിച്ചത് വലിയ അപകടങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും പകലും പെയ്ത കനത്ത മഴയും അപകടത്തിന് കാരണമായി. റോഡിനോടും കെട്ടിടങ്ങളോടും 1.5 മീറ്റർ അകലം പാലിച്ചു വേണം കിണർ കുഴിക്കാൻ എന്നാണ് ചട്ടം.

English Summary: The moment death was in sight, miraculous escape, Accident during well construction at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com