ADVERTISEMENT

കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപുകൾ കയ്യേറിയവരിൽ ബെനാമി നിക്ഷേപകരും. ദ്വീപുകളിൽ നാമമാത്രമായ ഭൂമിക്കു ഉടമസ്ഥാവകാശമുള്ളവരെ മുന്നിൽ നിർത്തി ബെനാമികൾ കോടികൾ നിക്ഷേപിക്കാൻ രംഗത്തുണ്ട് എന്നാണു വിവരം. തന്ത്രപ്രധാനമായ അഷ്ടമുടിക്കായലിനു നടുവിൽ ഒട്ടേറെ സാധ്യതകളുള്ള ദ്വീപുകൾ കയ്യടക്കാൻ നടന്ന നീക്കത്തെക്കുറിച്ചു പൊലീസ് ഇന്റലിജൻസും അന്വേഷണം തുടങ്ങി.  കായലിലെയും ദ്വീപുകളിലെയും മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചു ഭൂമി തിരിച്ചുപിടിക്കാൻ ഗ്രാമപ്പഞ്ചായത്ത് തലത്തിൽ അധികൃതർ നടപടി തുടങ്ങി.

ഇന്നലെ അടിയന്തര യോഗം ചേർന്ന തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് കമ്മിറ്റി, ഇതിനായി ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും സഹായം തേടാൻ തീരുമാനിച്ചു.ദ്വീപുകളിൽ 22 സെന്റും ഒന്നരയേക്കറും മാത്രം ഉടമസ്ഥതയിലുള്ളവരുടെ പേരിലാണുകോടികൾ മുടക്കുള്ള വൻ പദ്ധതികൾക്കു വേണ്ടി ഭൂമി കയ്യേറിയതെന്നാണു റവന്യൂ– തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംയുക്ത സംഘത്തിന്റെ ആദ്യഘട്ട പരിശോധനയിൽ ലഭ്യമായ വിവരം. വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ഈ നീക്കത്തിനു അന്നത്തെയും ഇപ്പോഴത്തെയും താലൂക്ക്– പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. താലൂക്ക് തലത്തിലെ ചില ഉദ്യോഗസ്ഥർക്കു നിക്ഷേപകരുമായി അടുപ്പമുണ്ട്.

ദ്വീപിൽ ഭൂമി ഉള്ളവരിൽ നിന്നു അതു വാങ്ങിയ ശേഷം അതിനോടു ചേർന്ന കായൽ പുറമ്പോക്കു കയ്യേറി കൈവശാവകാശ രേഖകളുണ്ടാക്കി വാണിജ്യ– ടൂറിസം സംരംഭങ്ങൾ ആരംഭിക്കാനാണു നീക്കമെന്നാണു പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.ബെംഗളൂരു, മുംബൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളും പണം മുടക്കാൻ രംഗത്തുണ്ടത്രെ. ഇവർക്കു സർക്കാർ പദവി വഹിക്കുന്ന ഭരണകക്ഷിയിലെ ചില പ്രമുഖരുടെ സഹായവും ലഭിച്ചു.അനുമതിയില്ലാതെ കായൽ പുറമ്പോക്കിൽപ്പെട്ട ഏക്കറു കണക്കിനു ഭൂമി വർഷങ്ങളായി കൈവശം വച്ച് മത്സ്യകൃഷി, ടൂറിസം പദ്ധതികൾ നടത്തുന്നവരുണ്ട്.കായലിനു നടുവിൽ കോൺക്രീറ്റ് തറകൾ നിർമിച്ചു മീൻ ഉണക്കുന്ന കേന്ദ്രങ്ങൾ വരെ നിർമിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾക്കു മുൻപ്, പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു താമസിക്കാനും ഉപജീവനമാർഗത്തിനായി മത്സ്യകൃഷി നടത്താനും നൽകിയിരുന്ന ഭൂമി കൈമറിഞ്ഞു വൻകിടക്കാരുടെ കൈകളിൽ എത്തുകയായിരുന്നു. കായൽ നടുവിലെ സാധ്യതകൾ തിരിച്ചറിഞ്ഞു പിന്നാലെ വൻകിടക്കാരും ബെനാമി നിക്ഷേപകരും രംഗപ്രവേശം ചെയ്തു. ദ്വീപുകളിലെ സ്വകാര്യ ഭൂമിയും കായൽ പുറമ്പോക്കും തിട്ടപ്പെടുത്താൻ സർക്കാർ തലത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കായൽ– ദ്വീപ് കയ്യേറ്റം വൻവിവാദമായിട്ടും ജില്ലാ കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ അനങ്ങിയിട്ടില്ല.

വിവാദത്തിനിടയിലും മണ്ണെടുപ്പ് തുടരുന്നു
കൊല്ലം∙ അഷ്ടമുടിക്കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തു ദ്വീപുഭൂമി നികത്തിയ സംഭവം വൻ വിവാദമായിട്ടും കഴിഞ്ഞ ദിവസങ്ങളിലും മണ്ണെടുപ്പ് തുടർന്നുവെന്നു വിവരം. പൊലീസോ മറ്റ് അധികൃതരോ തിരിഞ്ഞു നോക്കിയില്ല. സംഭവത്തിൽ ജില്ലാ കലക്ടർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അപൂർവ ഇനത്തിൽപെട്ട കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കപ്പെട്ട ദ്വീപിലേക്കാണു കായലിൽ നിന്നു ഡ്രജ് ചെയ്തു ടൺ കണക്കിനു മണ്ണ് നിക്ഷേപിച്ചത്.

ദ്വീപിനു ചുറ്റും സംരക്ഷണ വേലി നിർമിക്കാൻ കാറ്റാടിക്കഴകൾ വൻതോതിൽ ഇറക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ കഴകൾ നീക്കം ചെയ്ത ശേഷം ആ സ്ഥലവും മണ്ണ് നിക്ഷേപിച്ചു നികത്തി. അടിയന്തരമായി പൊലീസ്– തീരദേശ പൊലീസ് പട്രോളിങ് വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

അഷ്ടമുടിക്കായലിലെയും ദ്വീപുകളിലെയും എല്ലാ കയ്യേറ്റങ്ങളും കണ്ടെത്തി തിരിച്ചുപിടിക്കും: പഞ്ചായത്ത്
കൊല്ലം ∙ അഷ്ടമുടിക്കായലിലും ദ്വീപുകളിലും കായലോരത്തും നടന്ന മുഴുവൻ കയ്യേറ്റങ്ങളും കണ്ടെത്തി ഭൂമി തിരിച്ചുപിടിക്കാൻ ഇന്നലെ ചേർന്ന തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു. ദ്വീപുകളിലെ കായൽ പുറമ്പോക്ക് അളന്നു തിരിക്കും. ഇതിനായി തഹസിൽദാർക്കു കത്ത് നൽകും. കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവരുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കി. കയ്യേറ്റം സംബന്ധിച്ചു ചർച്ച ചെയ്യാൻ അടുത്തയാഴ്ച സർവകക്ഷി യോഗം ചേരും.

എവിടെയെല്ലാം കായൽ പുറമ്പോക്കും  ദ്വീപുകളും കയ്യേറിയിട്ടുണ്ടെന്നുള്ള പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. ദ്വീപുകളും മറ്റും സന്ദർശിച്ചു കയ്യേറ്റത്തിന്റെ പട്ടിക തയാറാക്കി വകുപ്പ് അധികൃതർക്ക് സമർപ്പിക്കാൻ ഉപസമിതിയെയും നിയോഗിച്ചു. ആധുനിക സർവേ ഉപകരണങ്ങളുടെ സഹായത്തോടെ സർവേ നടത്തി കയ്യേറ്റം തിട്ടപ്പെടുത്താനാണു തീരുമാനം. കണ്ടൽക്കാട് നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ പരിസ്ഥിതിവകുപ്പിനും വനം വകുപ്പ് അധികൃതർക്കും കത്ത് നൽകും.

കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തു ദ്വീപ് നികത്തിയ സംഭവത്തിൽ മോഷണക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണറെ സമീപിക്കും.അനുമതി ഇല്ലാതെ കായലോരത്ത് അനധികൃതമായി നിർമാണം നടത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കയ്യേറ്റങ്ങൾ മലയാള മനോരമ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചത്. റവന്യു–തദ്ദേശ സ്ഥാപന പ്രതിനിധികൾ കഴിഞ്ഞ ദിവസം തുരുത്തുകൾ സന്ദർശിച്ചു കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചിരുന്നു. 

മത്സ്യക്കൃഷിക്കായി വൻകിടക്കാർക്കു ഭൂമി പാട്ടത്തിനു നൽകാനുള്ള നീക്കത്തെ ശക്തമായ എതിർക്കണമെന്ന ചർച്ചയും  പഞ്ചായത്ത് കമ്മിറ്റിയിൽ ഉയർന്നു. കായലിൽ കൂട് കൃഷിയുടെ മറവിൽ സ്വകാര്യ റിസോർട്ടിനു മുന്നിൽ അനധികൃതമായി ഫ്ലോട്ടിങ് കൂടാരങ്ങൾ സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. ഇൻലാൻഡ് നാവിഗേഷന്റെയോ, പഞ്ചായത്തിന്റെയോ അനുമതി ലഭിക്കാതെയാണ് അനധികൃത നിർമാണം നടത്തിയിരിക്കുന്നത്. റിസോർട്ടിനു പഞ്ചായത്ത് അനുമതിയും നൽകിയിട്ടില്ല. ഇവർക്കും നോട്ടിസ് നൽകും. 

ഇൻലാൻഡ് നാവിഗേഷൻ അധികൃതർ തെളിവെടുത്തു
കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപിലെ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച ശേഷം കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തു ദ്വീപുഭൂമി നികത്തിയ സംഭവത്തിൽ ദ്വീപിൽ ഭൂമിയുള്ള കാവനാട് സ്വദേശി അഗസ്റ്റിൻ ഹെൻട്രിയെ ഇൻലാൻഡ് നാവിഗേഷൻ അധികൃതർ വിളിച്ചു വരുത്തി തെളിവെടുത്തു.

അഗസ്റ്റിനു ദ്വീപിൽ 22 സെന്റ് ഭൂമിക്കുള്ള ഉടമസ്ഥാവകാശ രേഖകളേ ഹാജരാക്കാനായിട്ടുള്ളൂവെന്നു അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷീജ പറഞ്ഞു. താൻ അറിഞ്ഞിട്ടല്ല കായലിൽ നിന്നു മണ്ണെടുത്തു ദ്വീപ് നികത്തിയതെന്നാണു അഗസ്റ്റിന്റെ മൊഴി. ഡ്രജ് ചെയ്തെടുത്ത മണ്ണിന്റെ വില നിശ്ചയിച്ച ശേഷം പിഴ സഹിതം ഈടാക്കുമെന്നും പൊതുമുതൽ കവർന്നതിനു പൊലീസിൽ പരാതി നൽകുമെന്നും അസി. എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. 

കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം: കോൺഗ്രസ്
കൊല്ലം ∙ അഷ്ടമുടിക്കായലിനു നടുവിലെ ദ്വീപുകൾ സ്വകാര്യ വ്യക്തികൾ കയ്യേറിയത് സംസ്ഥാനത്തെ ഭരണ മുന്നണി നേതാക്കളുടെ അറിവോടെയും ഒത്താശയോടെയും ആണെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. ദ്വീപുകളിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്ന പാവങ്ങളിൽ നിന്നു തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങി വൻകിടക്കാർക്കും റിസോർട്ട് മാഫിയകൾക്കും നൽകാൻ കമ്മിഷൻ പറ്റി ഇടനിലക്കാരായി നിന്നത് ഇടത് മുന്നണിയിലെ ചില നേതാക്കൾ ആണെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റത്തെ കുറിച്ച് സർക്കാർ അന്വേഷിക്കണം. പരിസ്ഥിതി നശീകരണത്തിന് ഇടയാക്കിയ കയ്യേറ്റങ്ങൾ എത്രയുംവേഗം ഒഴിപ്പിച്ചു കണ്ടൽക്കാടുകളും ദ്വീപുകളും മത്സ്യ സമ്പത്തും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറ്റിങ് ജഡ്ജി അന്വേഷിക്കണം: യുവമോർച്ച
കൊല്ലം ∙ അഷ്ടമുടിക്കായൽ വൻതോതിൽ കയ്യേറിയ സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു യുവമോർച്ച സംസ്ഥാന സമിതിയംഗം വിഷ്ണു പട്ടത്താനം ആവശ്യപ്പെട്ടു. ഇത്രയും വൻതോതിൽ കയ്യേറ്റം ഉണ്ടായിട്ടും ഭരണാധികാരികളുടെ ശ്രദ്ധയിൽപെട്ടില്ലെന്നതു വിശ്വാസ യോഗ്യമല്ല. സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും മൗനാനുവാദത്തോടെയാണോ കയ്യേറ്റം നടന്നതെന്ന് സംശയിക്കണം. വൻകിട ഭൂമാഫിയ സംഘങ്ങളാണ് കായൽ കയ്യേറിയിരിക്കുന്നത്. 

കായലിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നു യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പറഞ്ഞു. കയ്യേറ്റം ഭരണകക്ഷിയും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടു നടക്കുന്നതാണ്.  60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടന്ന അഷ്ടമുടിക്കായൽ ഇന്ന് 30 ചതുരശ്ര കിലോമീറ്റർ പോലും ഇല്ല. 

ശക്തമായ നടപടി വേണം: ഐഎൻടിയുസി
കൊല്ലം ∙ അനധികൃത കായൽ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ചവറ ഹരീഷ് കുമാർ ആവശ്യപ്പെട്ടു. ചവറ, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, ശക്തികുളങ്ങര വില്ലേജ് പരിധിയിലെ തുരുത്തുകളിൽ വ്യാപകമായ കായൽ കയ്യേറ്റം നടന്നു വരികയാണ്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് നടത്തുന്ന ദുരൂഹമായ നടപടികളും അന്വേഷിക്കണം. ഇതര സംസ്ഥാന കമ്പനികൾക്കും സ്വകാര്യ മുതലാളിമാർക്കും വേണ്ടി പ്രകൃതിയെയും നാടിനെയും നശിപ്പിക്കുന്നതിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com