ADVERTISEMENT

കൊല്ലം ∙ മുൻ വർഷങ്ങളിൽ നിന്നു വിഭിന്നമായി ജില്ലയിൽ മലേറിയ പടരുന്നതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കി ആരോഗ്യ വകുപ്പ്. മലേറിയ ഏറ്റവും രൂക്ഷമാകുന്നത് ഓഗസ്റ്റ് മാസത്തിലായതിനാൽ തന്നെ ജാഗ്രതയിലാണ് ജില്ല.  2 മാസത്തിനിടയിൽ ഇതിനോടകം 4 മലേറിയ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 2018ൽ 2 തദ്ദേശീയ മലേറിയയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. 

ജില്ലയിൽ റിപ്പോർട്ട് ചെയ്ത മലേറിയ കേസുകളിൽ മിക്കതും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും മലേറിയ കേസുകൾ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. ഇന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘവും ജില്ലയിൽ പരിശോധനയ്ക്കായി എത്തുന്നുണ്ട്. 

∙അനോഫിലസ് കൊതുകുകൾ വഴി പകരുന്ന ഒരു രോഗമാണ് മലേറിയ. ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഛർദി, വയറിളക്കം, ചുമ, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകും. ലക്ഷണങ്ങൾ കാണുന്നവർ അടുത്തുള്ള ആശുപത്രികളിൽ ഉടൻ ചികിത്സ തേടണം. ഡോക്ടർമാർ നിർദേശിക്കുന്നതിന് അനുസരിച്ചു 3 മുതൽ 14 ദിവസം വരെ പൂർണമായും ചികിത്സ എടുക്കേണ്ടതുണ്ട്.

രോഗബാധിതർ രോഗം ഭേദമാകുന്നത് വരെ കൊതുകു വലയ്ക്കുള്ളിൽ കഴിയാൻ പ്രത്യേകം ശ്രദ്ധിക്കണം. മലമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ കൊതുകു, രോഗ നിരീക്ഷണം നടത്തി ഏതുതരം  മലേറിയയാണ് എന്ന് സ്ഥിരീകരിക്കേണ്ടതുമുണ്ട്. ജില്ലയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തദ്ദേശീയ മലമ്പനിയാണെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com