ADVERTISEMENT

കൊല്ലം ∙ കയ്യേറ്റം മൂലം അഷ്ടമുടിക്കായലിന്റെ വിസ്തൃതി പകുതിയായി ചുരുങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുമായി കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്. അഷ്ടമുടിക്കായലിൽ അരങ്ങേറുന്നതു രൂക്ഷമായ കയ്യേറ്റമാണെന്നു മേയർ കൗൺസിൽ യോഗത്തിൽ സമ്മതിച്ചു. ഇന്നലെ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും അഷ്ടമുടിക്കായലിലെയും ദ്വീപുകളിലെയും കയ്യേറ്റം പ്രധാന ചർച്ചാവിഷയമായി.

74 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന കായൽ 36 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയതായാണു കൗൺസിൽ യോഗത്തിൽ മേയർ അവതരിപ്പിച്ച കണക്ക്. 12 ഗ്രാമ പഞ്ചായത്തുകളും കോർപറേഷനും അതിരിടുന്ന കായലിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ജില്ലാ കലക്ടർ, റവന്യു വകുപ്പ്, പൊലീസ് എന്നിവരുമായി ചേർന്നു നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. അഷ്ടമുടിക്കായലിലെയും ദ്വീപുകളിലെയും എല്ലാ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിച്ചു ഭൂമി തിരിച്ചുപിടിക്കണമെന്നു വികസന സമിതി യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ശക്തമായി ആവശ്യപ്പെട്ടു.

ചവറ തെക്കുംഭാഗം, തേവലക്കര, മൺറോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തുകളിൽ കയ്യേറ്റം വ്യാപകമാണ്. ആരാണ് കയ്യേറിയതെന്നു കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഭൂമി തിരിച്ചുപിടിക്കുകയും വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കായലിൽ വ്യാപക കയ്യേറ്റമാണു നടക്കുന്നതെന്നു കണക്കുകൾ ചൂണ്ടിക്കാട്ടി ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ പറഞ്ഞു. കായൽ കയ്യേറ്റം സംബന്ധിച്ചു അധികൃതർ വ്യക്തത വരുത്തണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവൽ ആവശ്യപ്പെട്ടു. കയ്യേറ്റം സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു മനോരമ പുറത്തുകൊണ്ടുവരുന്നത്.

അതേസമയം, കയ്യേറ്റത്തിനെതിരെ തീവ്രത കുറച്ചു കാണിക്കുന്ന മട്ടിലാണു പ്രദേശത്തെ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പ്രതികരിച്ചതെന്നു ആരോപണമുയർന്നു. കായലിലെ കൈയേറ്റത്തിനെതിരെ നടപടികൾ സ്വീകരിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചത്. എന്നാൽ കയ്യേറ്റവും അനധികൃത ഡ്രജിങും വിവാദമായതിനു ശേഷം കായലിൽ നിന്നു മണ്ണെടുപ്പു തുടർന്നു. കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യു വകുപ്പിന്റേതായി കാര്യമായ നടപടി ഉണ്ടായിട്ടുമില്ല. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നും നോട്ടിസ് നൽകുമെന്നും തീരുമാനിച്ചതു ചവറ തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയാണ്. 

കായൽ കയ്യേറ്റം സിപിഎം നേതൃത്വത്തിന്റെ അറിവോടെ: കോൺഗ്രസ്

കൊല്ലം ∙ അഷ്ടമുടിക്കായലിലെ കോടികൾ വില വരുന്ന വസ്തുവകകൾ കയ്യേറിയത് സിപിഎം നേതാക്കൾ ആണെന്നുള്ള വസ്തുത ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ്.  കോഴിത്തീറ്റ – മീൻ എണ്ണ ഫാക്ടറി എല്ലാ നിയമ വ്യവസ്ഥകളും കാറ്റിൽ പറത്തിക്കൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. കായൽ ദ്വീപുകൾ കയ്യേറിയിരിക്കുന്നത് സർക്കാർ വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ്. ദ്വീപ് കയ്യേറ്റത്തിനു പിന്നിൽ സിപിഎം നേതാക്കൾ ആയതു കൊണ്ടാണ് ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിൽ സിപിഎം നേതാക്കളാരും പ്രതികരിക്കാത്തത്. സിപിഎം ജില്ലാ നേതൃത്വം വിഷയത്തിൽ അടിയന്തരമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്ത പക്ഷം കോൺഗ്രസ് സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com