പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ തേനീച്ചക്കൂട്ടം
Mail This Article
കരുനാഗപ്പള്ളി ∙ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് തേനീച്ചക്കൂൂട്ടത്തിന്റെ കുത്തേറ്റു . തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ പ്രിവന്റീവ് ഓഫിസര്‍ എസ്.അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എച്ച്.ചാള്‍സ്, എസ്, സന്തോഷ് എന്നിവര്‍ താലൂക്ക് ആശൂപത്രിയില്‍ ചികിത്സ തേടി. ആയിരംതെങ്ങിന് വടക്ക് വളവ് മുക്കിനു സമീപം വച്ചാണ് ഇളകി വന്ന തേനീച്ചക്കൂട്ടം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചത്.
ഈ ഭാഗത്ത് ചാരായം വാറ്റാന്‍ കോട സൂക്ഷിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു തേനീച്ച ക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയില്‍ നിന്നു ചാരായം വാറ്റാന്‍ തയാറാക്കിയ 175 ലീറ്റര്‍ കോട കണ്ടെത്തി എക്സൈസ് കേസെടുത്തിരുന്നു.
വീണ്ടും അവിടെ ചാരായം വാറ്റാന്‍ കോട സംഭരിക്കുന്ന വിവരത്തെ തുടര്‍ന്നാണു എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. കൊല്ലം അസി.എക്സൈസ് കമ്മിഷണര്‍ , റോബര്‍ട്ട്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവര്‍ പരുക്കേറ്റവരെയും സംഭവ സ്ഥലവും സന്ദര്‍ശിച്ചു.
വ്യാജ മദ്യ വില്‍പന; വിവരം നൽകാം
ഓണക്കാലത്തു വ്യാജ മദ്യം വിതരണം തടയുന്നതിന് എക്സൈസ് കര്‍ശന നടപടി സ്വീകരിച്ചു വരികയാണ്. വ്യാജ മദ്യത്തെ കുറിച്ചും വില്‍പനയെ കുറിച്ചും അറിവ് ലഭിക്കുന്നവര്‍ 04762 630831, 9400069456 എന്നീ നമ്പരുകളില്‍ വിവരം അറിയിക്കാം.