ADVERTISEMENT

കുളത്തൂപ്പുഴ∙ ആര്യങ്കാവ് പാലരുവി വനത്തിൽ വന്യമൃഗവേട്ട നടത്തിയ ശേഷം കാട്ടിറച്ചി കടത്തി. കേസുമായി ബന്ധമുള്ള 2 പേർ ഒളിവിലാണ്. വീട്ടമ്മയെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തു. പ്രത്യേക പരിഗണനയിൽ കുളത്തൂപ്പുഴയിൽ 2 പേരെ അറസ്റ്റു ചെയ്തില്ല. തിരുവനന്തപുരം വനം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെ തുടർന്ന് അഞ്ചൽ റേഞ്ച് ഏഴംകുളം ബീറ്റ് ഒ‌ാഫിസ് വനപാലകർ നടത്തിയ തിരച്ചിലിൽ കുളത്തൂപ്പുഴ കൈതക്കാട്ട് വയോധികർ മാത്രമുള്ള വീട്ടിൽ 3 കവറുകളിലായി ഫ്രിജിൽ സൂക്ഷിച്ച 3 കിലോഗ്രാം കാട്ടിറച്ചിയാണു പിടികൂടിയത്. ആര്യങ്കാവിൽ പാലരുവി വനത്തിൽ വേട്ട നടത്തിയെന്നു കരുതുന്ന മ്ലാവിന്റെ 6.2 കിലോഗ്രാം ഇറച്ചി പാലരുവിയിലെ ബന്ധുവീട്ടിൽ നിന്നും ആര്യങ്കാവ് റേഞ്ച് ഒ‌ാഫിസറും സംഘവും പിടികൂടി.

കുളത്തൂപ്പുഴ കൈതക്കാട് കല്ലുംമൂട്ടിൽ വീട്ടിൽ അലക്സ് വർഗീസ് (75), ഭാര്യ ജെസി (55) എന്നിവരെയും കാട്ടിറച്ചി ഇവരുടെ വീട്ടിൽ എത്തിച്ച ബന്ധു കട്ടിളപ്പാറ വട്ടപ്പറമ്പിൽ വീട്ടിൽ ജോമോനേയും (29) പ്രതികളാക്കി വനംവകുപ്പ് കേസെടുത്തു. ഒന്നാം പ്രതി ജോമോൻ ഒളിവിലാണ്. ആര്യങ്കാവ് പാലരുവി പ്ലാന്തറ വീട്ടിൽ രാജൻ ജോസഫിന്റെ വീട്ടിൽ നിന്നാണു 6.2 കിലോഗ്രാം കാട്ടിറച്ചി പിടികൂടിയത്. ഒന്നാം പ്രതി രാജൻ ജോസഫ് ഒളിവിൽ. ഭാര്യ ബ്ലെസിയെ (48) അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

രാജൻ ജോസഫിനെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ വന്യമൃഗവേട്ടയുടെ ചുരുൾ അഴിയൂ.  കുളത്തൂപ്പുഴയിൽ ജോമോനെ പിടികൂടി ചോദ്യം ചെയ്താലേ കാട്ടിറച്ചി കടത്തിന്റെ പിന്നാമ്പുറം വെളിച്ചത്തു  വരികയുള്ളൂവെന്നും  അധികൃതർ പറയുന്നു. കുളത്തൂപ്പുഴയിലെ കേസിൽ പ്രതിയായ ജെസിയുടെ സഹോദരിയാണു ബ്ലെസി. ആര്യങ്കാവിൽ ബ്ലെസിയുടെ വീട്ടിൽ നിന്നെത്തിച്ച കാട്ടിറച്ചിയാണു ജെസിയുടെ വീട്ടിൽ നിന്നും പിടികൂടിയതെന്നാണു സൂചന.  മ്ലാവിന്റേതെന്നു കരുതുന്ന ഇറച്ചി തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്കായി അയച്ചു. 

മൊഴി രേഖപ്പെടുത്തിയതിൽ പരാതി

വനം കേസുകളിൽ അസി.കൺസർവേറ്റർ, അസി. ഡയറക്ടർ തസ്തികകളിൽ താഴെയുള്ള ഉദ്യോഗസ്ഥർ 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ അധികാരമില്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടും കുളത്തൂപ്പുഴയിലെ കാട്ടിറച്ചി പിടികൂടിയ സംഭവത്തിൽ ഡപ്യൂട്ടി റേഞ്ച് ഒ‌ാഫിസർ മൊഴി രേഖപ്പെടുത്തിയതിൽ പരാതി. ആര്യങ്കാവിൽ റേഞ്ച് ഒ‌ാഫിസറാണു മൊഴി രേഖപ്പെടുത്തി കേസെടുത്തത്. സംഭവത്തിൽ എസിഎഫ് റാങ്ക് ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാമെന്നിരിക്കെ ഏഴംകുളം ഡപ്യൂട്ടി റേഞ്ച് ഒ‌ാഫിസർ മൊഴിയെടുത്ത് കേസെടുത്തതു പ്രതികൾക്കു രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണു പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com