സംസ്ഥാന ഹൈവേ: അന്തിമഘട്ട നിർമാണങ്ങൾ ദ്രുതഗതിയിൽ

Mail This Article
പുനലൂർ ∙ തമിഴ്നാട് കഴിഞ്ഞാൽ ദേശീയപാതയിലെ തന്ത്രപ്രധാന കേന്ദ്രമായ പുനലൂർ ടിബി ജംക്‌ഷന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് മൂവാറ്റുപുഴ ഹൈവേ വന്നുചേരുന്ന ഭാഗത്ത് പുത്തൻ ട്രാഫിക് ഐലൻഡും ഹൈമാസ്റ്റ് ലൈറ്റും ഡിവൈഡറും സ്ഥാപിക്കുന്നു. ഇതിന് മുന്നോടിയായി ദേശീയപാതയുടെ വശത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ട്രാഫിക് ഐലൻഡും ഇന്നലെ നീക്കം ചെയ്തു. പുനലൂർ –മൂവാറ്റുപുഴ കെഎസ്ടിപി സംസ്ഥാന ഹൈവേ കമ്മിഷൻ ചെയ്യുന്നതിന് മുന്നോടിയായി അന്തിമഘട്ട നിർമാണങ്ങളാണിവ.
ഇവിടെ മൂന്നു വശത്തും കൂടി ഏകദേശം 30 മീറ്ററോളം ദൂരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കും. മൂവാറ്റുപുഴ ഹൈവേയിലേക്ക് ഇറക്കിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. അപ്പോൾ ഇത് ഏകദേശം തൂക്കുപാലത്തിന് അഭിമുഖമായി വരും. ഫലത്തിൽ ദേശീയപാതയ്ക്ക് കൂടുതൽ വീതി ഉണ്ടാവുകയും ചെയ്യും.
മൂന്ന് ദിവസത്തിനുള്ളിൽ ഫൗണ്ടേഷൻ ജോലികളും ഹൈമാസ്റ്റ് ലൈറ്റിന്റെ പെഡസ്റ്റൽ നിർമിക്കുന്നതിനുള്ള കോൺക്രീറ്റ് ജോലികളും പൂർത്തിയാകും. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന ഹൈവേ കൊല്ലം –തിരുമംഗലം ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗമാണ് ടിബി ജംക്‌ഷൻ.