അതിവേഗം മോഷണം, പൂട്ട് കുത്തിപ്പൊളിച്ച് കടത്താൻ വേണ്ടത് 10 മിനിറ്റിൽ താഴെ സമയം; അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

Mail This Article
പത്തനാപുരം ∙ മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ തേപ്പുപാറ മുരുകൻ കുന്ന് രാഖി ഭവനിൽ രാഹുൽ(29), കാവടി ഭാഗം ഒഴുകുപാറ പുത്തൻലവീട്ടിൽ ശ്യാം.പി.പ്രകാശ്(21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ്(21), കാവടി ഭാഗം രാജി ഭവനിൽ അഭി(19), വലിയ വിള താഴേതിൽ വീട്ടിൽ സിബിൻ(20) എന്നിവരാണ് പിടിയിലായത്.
മാങ്കോട് മുള്ളൂർനിരപ്പ് ഇബ്രാഹീം സിക്കന്ദറിന്റെ ബൈക്ക് മോഷണം പോയതിനെ തുടർന്ന് അന്വേഷണത്തിലാണ് സംഘം പൊലീസിന്റെ വലയിലായത്. മോഷണം പോയ ടിവിഎസ് ബൈക്കിന്റെ പൊളിച്ച ഭാഗങ്ങളും എൻജിനും ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇത് കൂടാതെ മോഷ്ടിച്ച ശേഷം മാറ്റം വരുത്തിയ മൂന്നു ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ഈ വാഹനങ്ങളുടെ ഉടമകളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.പത്തനാപുരം എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ ക്രൈം എസ്ഐ സുനിൽ കുമാർ, ഷിബുമോൻ, ശ്രീജിത്ത്, വിനോദ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അതിവേഗം മോഷണം
രാത്രി റോഡിലോ, വീട്ടുമുറ്റത്തോ മറ്റോ വച്ചിട്ട് പോകുന്ന ബൈക്കുകൾ സംഘം മോഷ്ടിക്കുന്നത് അതിവേഗം. മതിലും ഗേറ്റും ഇല്ലാത്ത വീടുകൾ, റോഡു വശങ്ങളിൽ നിർത്തി വയ്ക്കുന്ന ബൈക്കുകൾ എന്നിവയാണ് മോഷ്ടിക്കുന്നതിൽ അധികവും. താക്കോൽ ഇല്ലാതെ പൂട്ട് കുത്തിപ്പൊളിച്ച ശേഷമാണ് ബൈക്കുമായി സംഘം കടക്കുന്നത്. ഇതിനു വേണ്ടത് 10 മിനിറ്റിൽ താഴെ സമയം. ശേഷം മോഷ്ടാക്കൾ അവരവരുടെ വീടുകളിലെത്തിച്ച് ഒരു ദിവസം കൊണ്ട് തന്നെ പാർട്സുകളാക്കും. ദിവസങ്ങൾക്കുള്ളിൽ വിറ്റു തീർക്കും. സംഘത്തിൽ കണ്ടെത്തിയ ബൈക്കുകളും പാർട്സുകളും ശ്യാം.പി.പ്രകാശ്, വിജീഷ് എന്നിവരുടെ വീടുകളിൽ നിന്നാണ് കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local