മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കത്തിച്ചു: എതിർപ്പുമായി നാട്ടുകാർ
Mail This Article
ഏരൂർ ∙ മൃഗക്കൊഴുപ്പ് ഉരുക്കിയെടുത്ത ശേഷം ബാക്കി വരുന്ന ഇറച്ചി അവശിഷ്ടങ്ങൾ കൂനകൂട്ടി ഇട്ടു കത്തിക്കുകയും സമീപത്തെ തോട്ടിൽ ഒഴുക്കുകയും ചെയ്യുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ പത്താം വാർഡിലെ നീരാറ്റുതടം ഭാഗത്തു നടക്കുന്ന നിയമ ലംഘനങ്ങളാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തോട്ടിൽ ഒഴുക്കുന്നതു മൂലം വെള്ളം ഉപയോഗ ശൂന്യമായി. കന്നുകാലികളുടെ ഉണങ്ങാത്ത ഇറച്ചി അവശിഷ്ടങ്ങൾ കത്തി ഉയരുന്ന പുക പരിസരവാസികൾക്കു രോഗങ്ങൾക്ക് ഇടവരുത്തുന്നു.
ഇവിടെ പ്രവർത്തിക്കുന്ന പന്നി ഫാമും ഗുരുതരമായ പരിസര മലിനീകരണം വരുത്തുന്നുണ്ടെന്നാണു പരാതി. പഞ്ചായത്ത് ആരോഗ്യ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതിയില്ലാതെയാണു മൃഗക്കൊഴുപ്പ് ഉണ്ടാക്കുന്നതെന്നു സൂചനയുണ്ട്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ കശാപ്പു ശാലകളിലെ അവശിഷ്ടങ്ങൾ രാത്രിയാണ് ഇവിടെ കൊണ്ടുവരുന്നത്. പരിസരവാസികൾ എതിർപ്പ് അറിയിച്ചെങ്കിലും നടത്തിപ്പുകാർ വകവച്ചില്ല. ഇതോടെ നാട്ടുകാർ സംഘടിച്ച് എതിർക്കുകയായിരുന്നു.