കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഒപി കൗണ്ടറുകൾ തകരാർ രോഗികൾ വലയുന്നു

Mail This Article
കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ സിസ്റ്റം തകരാറിലാകുന്നത് പതിവായതോടെ ചികിത്സയ്ക്കായി രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതി. ദിവസവും ആയിരത്തിലധികം രോഗികളാണു ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. രാവിലെ 8ന് ഒ.പി തുടങ്ങണമെന്നാണു വ്യവസ്ഥയെങ്കിലും ഡോക്ടർമാർ എത്താത്തതിനാൽ 9 ആയാലും തുടങ്ങുന്നില്ല. ചില ഡോക്ടർമാർ മാത്രമാണു 8.30ന് എത്തുന്നത്. രാവിലെ മുതൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തി ക്യൂവിൽ നിൽക്കുന്ന രോഗികൾക്കും കൂടെ എത്തുന്നവർക്കും ഉച്ചയ്ക്ക് ഒന്നായാലും ചികിത്സ ലഭിച്ചു മടങ്ങാൻ കഴിയുന്നില്ല. ഹൗസ് സർജൻമാരെത്തി രോഗികളെ പരിശോധിക്കുന്ന സ്ഥിതിയുമുണ്ട്.
ഇന്നലെ രാവിലെ ഒപി കൗണ്ടറിൽ സിസ്റ്റം തകരാറിലായതിനാൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചത്. ഓർത്തോ, ഇഎൻടി, ശിശുരോഗ വിഭാഗം ഡോക്ടർമാർ പലപ്പോഴും വളരെ വൈകിയാണ് ഒപിയിൽ എത്തുന്നതെന്നു പരാതിയുണ്ട്. ഡോക്ടർമാരെ കണ്ട ശേഷം എക്സ്റേ, ലബോറട്ടറി പരിശോധന, മരുന്ന് വാങ്ങുന്നതിനും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപി കൗണ്ടർ പണിമുടക്കിയാൽ മറ്റ് എല്ലാ സ്ഥലത്തും താമസം നേരിടും. കുട്ടികളുമായി വരുന്നവർ ഏറെ സമയം കാത്ത് നിന്നു സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയാണ്.
പരാതികൾ ഉയരുമ്പോഴും ആശുപത്രി അധികൃതരും ആശുപത്രിയുടെ ചുമതല വഹിക്കുന്ന ചടയമംഗലം ബ്ലോക്ക് പഞ്ചായത്തും വേണ്ട നടപടി സ്വീകരിക്കുന്നില്ല. ദിവസ വേതനത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നിർബന്ധത്തിനു വഴങ്ങി വിവിധ തസ്തികകളിൽ ആളുകളെ നിയമിക്കുന്നത് ഒഴിച്ചാൽ മറ്റൊന്നും നടക്കുന്നില്ല എന്നാണ് പരാതി. അനധികൃതമായി ദിവസ വേതന നിയമനങ്ങൾ നടത്തി അവർക്ക് ശമ്പളമായി പണം നൽകുന്നുണ്ട്. പക്ഷേ ആശുപത്രിയിൽ മെഷീനും മറ്റും തകരാറിൽ ആയാൽ പരിഹരിക്കുന്നതിന് പണം ചെലവഴിക്കുന്നില്ല. ആശുപത്രിയിൽ രോഗികൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കാൻ ആരും തയാറാകുന്നില്ല.