ADVERTISEMENT

ചെങ്കോട്ട ∙അച്ചൻകോവിൽ നദികളെയും തമിഴ്നാട് തിരുനെൽവേലിയിലെ വൈപ്പാർ നദിയെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സർക്കാർ നിർമിച്ചു പിന്നീടു വിവാദത്തിലായ അടൈവിനൈനാർ കോവിൽ അണക്കെട്ട് അവഗണനയിൽ.ദേശീയ ജലവികസന ഏജൻസിയുടെ 1400 കോടി അടങ്കൽ തയാറാക്കിയ പമ്പ അച്ചൻകോവിൽ വൈപ്പാർ നദി സംയോജന പദ്ധതിക്ക് അതിർത്തിയായ മേക്കരയിലാണ് അണക്കെട്ട്.

പമ്പയിലെ വെള്ളം 8 കിലോമീറ്റർ ടണലിലൂടെ അച്ചൻകോവിലിലേക്കും ഇവിടെ നിന്ന് 9 കിലോമീറ്റർ വനത്തിലൂടെ ടണൽ നിർമിച്ചു വെള്ളം മേക്കര അണക്കെട്ടിലെത്തിക്കാനായിരുന്നു ശ്രമം. മേക്കരയിൽ നിന്നു വൈപ്പാറിലേക്ക് 50 കിലോമീറ്ററിൽ പണിത കനാലുകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 1993ൽ 8 വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ട കേന്ദ്രത്തിന്റെ നദീ സംയോജന പദ്ധതി എങ്ങുമെത്തിയില്ല. ബദലായി കേരളം മുന്നോട്ടു വച്ച ഇരട്ട കല്ലാർ (ട്വിൻ കല്ലാർ) അണക്കെട്ടു പദ്ധതികളും ഫയലിൽ ഒതുങ്ങി.

മേക്കര അണക്കെട്ടിന്റെ പരിസരത്തും മറ്റും ടൂറിസം വികസനം ലക്ഷ്യമിട്ടു പണിത ഉദ്യാനങ്ങളും കാടുകയറി നശിച്ച നിലയിലാണ്. അണക്കെട്ടിലേക്കു മേക്കരയിൽ നിന്നുള്ള 2 കിലോമീറ്റർ പാത ടാറിങ് നടത്താൻ അടിത്തറയിട്ട ശേഷം പണികൾ മുടങ്ങിയതോടെ സഞ്ചാരം നരകതുല്യം. അണക്കെട്ടിന്റെ മുകളിലേക്ക് പോകാനുള്ള പാതയടക്കം തകർന്നു തരിപ്പണമായി. നദി സംയോജന പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായതോടെയാണു മേക്കരയെ തമിഴ്നാടിന്റെ പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നതെന്നാണു വിവരം. 

തമിഴ്നാട് മേക്കര അടൈവിനൈനാർ അണക്കെട്ടിനു സമീപത്തെ കാടുകയറി ഉപേക്ഷിക്കപ്പെട്ട ഉദ്യാനത്തിന്റെ കവാടം പൂട്ടിയ നിലയിൽ.
തമിഴ്നാട് മേക്കര അടൈവിനൈനാർ അണക്കെട്ടിനു സമീപത്തെ കാടുകയറി ഉപേക്ഷിക്കപ്പെട്ട ഉദ്യാനത്തിന്റെ കവാടം പൂട്ടിയ നിലയിൽ.

തിരുനൽവേലി ജില്ലയിലെ ഒരു ലക്ഷം ഹെക്ടറിലെ കൃഷിയ്ക്കു വെള്ളം ഉപയോഗപ്പെടുത്താനായിരുന്നു മേക്കരയുടെ ലക്ഷ്യം. പമ്പയിലും അച്ചൻകോവിലിലും വലിയതോതിൽ അധികജലം ഉണ്ടെന്ന വാദങ്ങൾ നിരത്തിയായിരുന്നു നദീ സംയോജന പദ്ധതിയുടെ തുടക്കം. പദ്ധതിക്കെതിരെ കേരളം രംഗത്തെത്തുകയും പമ്പ അച്ചൻകോവിൽ വൈപ്പാർ പദ്ധതിക്കു ബദലായി അച്ചൻകോവിൽ പമ്പ നദികളെ ബന്ധിപ്പിക്കാൻ 2015ൽ ഇരട്ട കല്ലാർ (ട്വിൻ കല്ലാർ) പദ്ധതിയുമായി കെഎസ്ഇബി രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.

ഇതോടെ മേക്കര അണക്കെട്ടിന്റെ ലക്ഷ്യം പാളി. അച്ചൻകോവിൽ ആറിന്റെ കല്ലാറിലും പമ്പയാറിന്റെ കല്ലാറിലും 2 അണക്കെട്ടുകൾ പണിതു 60 മെഗാവാട്ട് വൈദ്യുതോത്പ്പാദനത്തിനും കുട്ടനാട്ടിലെ അടക്കം ഏഴായിരം ഹെക്ടറിലെ കൃഷികൾക്കുള്ള ജലസേചനത്തിനു ഉപയോഗപ്പെടുത്താനായിരുന്നു ട്വിൻ കല്ലാർ പദ്ധതിയുടെ ലക്ഷ്യം. ഇരു അണക്കെട്ടുകളിൽ നിന്നും വൈദ്യുതോൽപാദനത്തിനു ശേഷമുള്ള ജലം കായംകുളം താപവൈദ്യുത നിലയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതും വെള്ളത്തിലെ വരയായി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

1500 കോടി രൂപ അടങ്കൽ കരുതിയ ട്വിൻ കല്ലാർ പദ്ധതി നടപ്പാക്കിയാൽ അച്ചൻകോവിൽ ഗ്രാമവും അച്ചൻകോവിൽ വനമേഖലയിലെ നിത്യഹരിത വനങ്ങൾ അടക്കം 2000 ഹെക്ടർ വെള്ളത്തിൽ മുങ്ങുമെന്ന് ഉറപ്പായതോടെയാണു പദ്ധതിക്കു കരിനിഴൽ വീണത്. മേക്കരയിലേക്കുള്ള റോഡ് നവീകരണം ഫണ്ടിന്റെ ലഭ്യതക്കുറവാണു മുടങ്ങാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. ഉദ്യാനങ്ങളും അണക്കെട്ടും പരിസരവും നശിച്ച നിലയിലായതും വേണ്ടത്ര സുരക്ഷ ഉറപ്പാക്കാത്തതും അവഗണനയുടെ ബാക്കിപത്രം. ഉദ്യാനങ്ങൾ കാലാവസ്ഥ മാറിയാൽ ഉടനെ സജ്ജമാക്കുമെന്നും റോഡ് പണിക്കു ഫണ്ട് അനുവദിച്ചതിനാൽ വൈകാതെ പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com