ചന്ദന മോഷണ കേസ് പ്രതിയെ വീടു വളഞ്ഞ് പിടികൂടി വനം വകുപ്പ്

Mail This Article
ആര്യങ്കാവ് ∙ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒട്ടേറെ ചന്ദന മോഷണ കേസുകളിൽ പ്രതിയായ തിരുവനന്തപുരം മുട്ടത്തറ കോളനിയിൽ നകുലനെ (52) വനം വകുപ്പു സംഘം വീടു വളഞ്ഞു പിടികൂടി.ഇയാളുടെ മുട്ടത്തറയിലെ വീട്ടിൽ നിന്ന് 14 കഷണങ്ങളാക്കിയ 20 കിലോഗ്രാം ചന്ദനത്തടികളും പിടികൂടി.ആര്യങ്കാവ് വനം റേഞ്ചിലെ 2 ചന്ദന മോഷണ കേസുകളിൽ വനപാലകർ അന്വേഷിച്ചിരുന്ന നകുലൻ മുട്ടത്തറ കോളനിയിൽ ഉണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
പിടികൂടിയ ചന്ദന കഷണങ്ങളിൽ ആര്യങ്കാവിൽ നിന്നു കടത്തിയവയും ഉണ്ടെന്നാണു സംശയം.ചന്ദനത്തടി കഷണങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. തമിഴ്നാട് വനാതിർത്തി പങ്കിടുന്ന കടമാൻപാറയിലാണ് ആര്യങ്കാവിലെ സ്വഭാവിക ചന്ദനമരത്തോട്ടം. ഇവിടെ നിന്നാണു ചന്ദനമരങ്ങൾ മുറിച്ചു കടത്തിയതെന്നാണു കേസ്. തിരുവനന്തപുരം പരുത്തിപ്പള്ളി വനം റേഞ്ചിലെ സമാന കേസുകളിലും നകുലനെ വനം വകുപ്പ് തിരയുകയായിരുന്നു.
കേരള അതിർത്തിയിലെ വനമേഖലകളിൽ നിന്നു തമിഴ്നാട്ടുകാരായ സംഘത്തിന്റെ സഹായത്തോടെ ചന്ദനം മുറിച്ചു വനത്തിലൂടെ തമിഴ്നാട്ടിലേക്കു കടത്തുകയും പിന്നീടു ചന്ദനത്തടികൾ കഷണങ്ങളാക്കി കേരളത്തിലേക്കു തിരികെ കടത്തുകയും ആയിരുന്നു പതിവ്.നകുലനെ വനം കോടതിയിൽ ഹാജരാക്കും.
വനം റേഞ്ച് ഓഫിസർ എസ്.രാജേഷ്, പ്രബേഷൻ റേഞ്ച് ഓഫിസർ വിപിൻ ചന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജിത്ത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജിജിമോൻ, ആർ.ബി.അരുൺ, അനു കൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.ആര്യ, ഹസീന മോൾ, വാച്ചർമാരായ രവിചന്ദ്രൻ, അരുൺ, സതീഷ്, സന്തോഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local