10 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

Mail This Article
ഇരവിപുരം∙വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കൊല്ലം എക്സൈസ് സംഘം പിടികൂടി. പുന്തലത്താഴം മംഗലത്ത് നഗർ 37-ൽ ശോഭിത എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കിളികൊല്ലൂർ മുറിയിൽ മുജീബ് മൻസിലിൽ ഷാജഹാൻ(42) എന്നയാളെ അറസ്റ്റ് ചെയ്തു.
40 ചാക്കുകളിലായി 880 കിലോ ഉള്ള 10 ലക്ഷം രൂപയോളം വരുന്ന പുകയില ഉൽപന്നങ്ങളാണു പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നു പച്ചക്കറി വണ്ടികളിലാണു പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണു പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ.കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ ബിജുമോൻ, എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.ജി.രഘു, പ്രിവന്റീവ് ഓഫിസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ് , വനിതാ സിവിൽ എക്സൈസ് ഓഫിസർ സ്നേഹ സാബു, സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.