ADVERTISEMENT

ഓച്ചിറ∙  കെട്ടുകാഴ്ചയുടെ അഴകിൽ ആറാടി പരബ്രഹ്മ ഭൂമി. ജനസാഗരത്തെ സാക്ഷിയാക്കി ഓണാട്ടുകരയിലെ കാർഷിക പാരമ്പര്യവും ഭക്തിയും സമ്മേളിക്കുന്ന കെട്ടുകാളകൾ പരബ്രഹ്മ ഭൂമിയിലേക്ക് നിരനിരയായി എത്തി. രാത്രി വൈകിയും കെട്ടുകാളകൾ പടനിലത്തേക്ക് എത്തുകയാണ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷത്തോടനുബന്ധിച്ച് പടനിലത്ത് നടത്തിയ കാളകെട്ടുത്സവത്തിന് 200 ഓളം കെട്ടുകാളകളെയാണ് അണിനിരത്തിയത്.

കൈവെള്ളയിൽ എഴുന്നള്ളിക്കുന്ന ചെറിയ കാള മുതൽ 72 അടി ഉയരമുള്ള കൂറ്റൻ കെട്ടുകാള വരെ അണിനിരന്നു. ഇന്നലെ രാത്രി 11നു ശേഷം ഓച്ചിറ ക്ഷേത്രത്തിനു സമീപത്തെ റോഡുകളിൽ വരെ ജനസാഗരമായിരുന്നു. വലിയ കെട്ടുകാഴ്ചകൾ ഇന്നുകൂടി പടനിലത്ത് പ്രദർശിപ്പിക്കും.  ഇന്നലെ രാവിലെ 7ന്  ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ പടനിലത്ത് പതാക ഉയർത്തിയോടെ 28-ാം ഓണാഘോഷത്തിന് തുടക്കമായി.

തുടർന്ന് ഭക്തർ ഋഷഭ വീരന്മാരെ കൂവളമാല ചാർത്തി എട്ടുകണ്ടം ഉരുൾച്ചയോടെ പടനിലത്ത് പ്രദക്ഷിണം നടത്തി. 11.15നു പായിക്കുഴി സ്വദേശിയുടെ നേർച്ച കെട്ടുകാള പടനിലത്ത് പ്രവേശിച്ചു. തുടർന്ന ക്ലാപ്പന കതിരോനും തീരദേശത്തെ കെട്ടുകാളകളും തൃക്കാർത്തിക കാളകെട്ടു സമിതിയുടെ വെളളിക്കാളയും പടനിലത്ത് എത്തി. 3.40ന് ഏറ്റവും വലിയ കെട്ടുകാളയായ ഞക്കനാൽ പടിഞ്ഞറേ കരയുടെ ‘വിശ്വപ്രജാപതി കാലഭൈരവൻ’ പരബ്രഹ്മഭൂയിലേക്ക് പ്രവേശിച്ചു. 

ക്ഷേത്രാങ്കണത്തിൽ എത്തിയ കെട്ടുകാളകൾ ക്ഷേത്ര ഭരണസമിതി നൽകിയ നമ്പർ ക്രമത്തിൽ പ്രത്യേക സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു. കെട്ടുകാളകൾ അണിനിരന്ന ശേഷം ക്ഷേത്രത്തിൽ നിന്നു ഋഷഭവീരന്മാരുടെയും മുത്തുക്കുടകളുടെയും വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, സ്ഥാനി പ്രതിനിധികൾ, ക്ഷേത്ര അവകാശികൾ എന്നിവരുടെ നേതൃത്വത്തിൽ എഴുന്നള്ളത്തായി എത്തി കെട്ടുകാളകളെ സ്വീകരിച്ചു.

എഴുന്നള്ളത്തിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, എം.സി.അനിൽ കുമാർ, പി.പ്രകാശൻ വലിയഴീക്കൽ എന്നിവർ കെട്ടുകാളകളെ സ്വീകരിച്ചു. പടനിലത്ത് ഇന്നു കാളമൂട്ടിൽ കുത്തിയോട്ട ചുവടും പാട്ടും, ഭക്തിഗാന സുധ, ദീപക്കാഴ്ച, നിറപറ സമർപ്പണം എന്നിവ നടത്തും. കെട്ടുത്സവത്തിൽ പങ്കെടുത്ത മികച്ച കെട്ടുകാളകൾക്ക് ഇത്തവണ ‘ഐക്കരവള്ളി ഋഷഭവീര’ പുരസ്കാരം നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com