ADVERTISEMENT

കൊല്ലം∙ ശക്തമായ മഴയിലും വെള്ളക്കെട്ടിലും ജില്ലയിലെ ജനജീവിതം ദുസ്സഹമായി. പ്രധാന നിരത്തുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ചാത്തന്നൂർ പൊലീസ് ക്വാർട്ടേഴ്സ് മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല; അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. പുനലൂരിൽ ഒരു വീട് പൂർണമായും തകർന്നതായി ജില്ലാ കൺട്രോൾ റൂം അറിയിച്ചു. കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഓരോ വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

kollam-nh
പാരിപ്പള്ളി തെറ്റിക്കുഴിയിൽ ദേശീയപാതയിലെ വെള്ളക്കെട്ട്

കല്ലുവാതുക്കൽ‍ പഞ്ചായത്ത് ഹൈസ്കൂൾ മൈതാനത്ത് നടത്താനിരുന്ന ചാത്തന്നൂർ സബ്ജില്ലാ കായികമേള മാറ്റി വച്ചു. സ്കൂളിനു മുന്നിലെ ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിലായി. കനത്ത മഴയിൽ ദേശീയപാതയിൽ പാരിപ്പള്ളി തെറ്റിക്കുഴി, കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ, കല്ലുവാതുക്കൽ ജംക്‌ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  സമീപത്തെ ചില വീടുകളിലും  വെള്ളം കയറി.

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപവും വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്ടിച്ചു. ദേശീയപാ‌ത അതോറിറ്റി അധികൃതരും നിർമാണ കമ്പനി പ്രതിനിധികളുംഎത്തി വെള്ളം ഒഴുക്കി വിടുന്നതിനു നടപടി സ്വീകരിച്ചു. നഗരത്തിലും പലഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടിൽ ഗതാഗതം ദുരിതപൂർണമായി.

∙കനത്ത മഴയെത്തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഇന്നലെ സന്ധ്യയോടെ പുനലൂർ പട്ടണമധ്യത്തിലെ ഡിടിപിസി സ്നാന ഘട്ടത്തിൽ വെള്ളം കയറി. കിഴക്കൻമേഖലയിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. വെട്ടിപ്പുഴ, കലയനാട്, കരവാളൂർ, തൊളിക്കോട് തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

മഴയിൽ പനിയും പടരുന്നു;  പ്രതിരോധ പ്രവർത്തനം ശക്തമാക്കണം
കൊല്ലം∙ ഇടവിട്ടു പെയ്യുന്ന മഴയിൽ പനിയും പടരുന്നു. സെപ്റ്റംബറിൽ മാത്രം പനി ബാധിച്ച് വിവിധ ആശുപത്രികളിൽ എത്തിയത് 12143 പേരാണ്. സ്വകാര്യ ക്ലിനിക്കുകളിൽ എത്തിയത് അതിലേറെയാണ്. ഇൗ മാസം 126 പേർക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ചത് 15 പേർക്ക്. ഹെപ്പറ്റൈറ്റിസ് ബാധിച്ച് എത്തിയത് 11 പേരും.

ഏഴ് പേർക്ക് മലേറിയ ബാധിച്ചു. ശക്തമായ മഴയിൽ കൊതുകുജന്യ രോഗങ്ങൾ കുറയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ, ഇടവിട്ടുള്ള മഴയിൽ രോഗ സാധ്യത കൂടുതലാണ്. ജില്ലയിലെ പല മേഖലകളും ഡെങ്കിപ്പനി ബാധയുടെ പിടിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com