ADVERTISEMENT

പുനലൂർ ∙ മൃഗാശുപത്രി പുനലൂർ പട്ടണത്തിൽ നിന്നു മണിയാറിലേക്ക് മാറ്റുന്നതിനെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും സംഘർഷവും ഇറങ്ങിപ്പോക്കും. പട്ടണനടുവിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി മാറ്റി സ്ഥാപിക്കുന്നതിനായി നഗരസഭ വക മണിയാറുള്ള  15 സെന്റ് ഭൂമി വിട്ടു നൽകുന്ന വിഷയം പരിഗണനയ്ക്കു വന്നപ്പോഴായിരുന്നു പ്രശ്നങ്ങൾക്കു തുടക്കം.

പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾക്ക് ഇപ്പോഴുള്ളിടത്തു തന്നെ മൃഗാശുപത്രി പ്രവർത്തിക്കുന്നതാണ് സൗകര്യപ്രദമെന്നും വളർത്തു മൃഗങ്ങളുമായി എത്തുന്ന ആളുകൾ പട്ടണത്തിൽ എത്തിയശേഷം മണിയാർ വരെ പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മൃഗാശുപത്രി പട്ടണത്തിൽ നിന്നു മാറ്റരുതെന്നും സൗകര്യപ്രദമായ രീതിയിൽ മറ്റെവിടെയെങ്കിലും സ്ഥലം എടുക്കുകയാണു വേണ്ടതെന്നും യുഡിഎഫ്  പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പറഞ്ഞു. 

എന്നാൽ, പട്ടണത്തിൽ ആവശ്യമായ രീതിയിൽ ഭൂമി ലഭ്യമാകുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മൃഗാശുപത്രി മണിയാറിലേക്കു മാറ്റുന്നതു കൊണ്ട് പട്ടണത്തിൽ മറ്റിടങ്ങളിൽ ഉള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുകയില്ലെന്നും നഗരസഭാ ഉപാധ്യക്ഷൻ ഡി.ദിനേശൻ മറുപടി നൽകി.

നഗരസഭ വക ഭൂമി തന്നെ പട്ടണത്തിന്റെ നടുവിൽ കാട്ടി നൽകാമെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. മണിയാർ തന്നെ മൃഗാശുപത്രി സ്ഥാപിക്കണമെന്നത് ഇടതുമുന്നണി തീരുമാനം ആണെന്നും പ്രതിപക്ഷം വിയോജിച്ചാലും മുന്നോട്ടു തന്നെയെന്നും അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ വോട്ടിങ് ആവശ്യപ്പെട്ടു. 

മൃഗാശുപത്രിക്കു മണിയാർ സ്ഥലം വിട്ടു നൽകാൻ അനുകൂലിക്കുന്നവർ കൈ ഉയർത്താൻ നഗരസഭ അധ്യക്ഷ ബി.സുജാത ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങൾ അനുകൂലിച്ചുവെങ്കിലും യുഡിഎഫ് അംഗങ്ങളും എൽഡിഎഫിലെ മൂന്ന്  അംഗങ്ങളും കൈ ഉയർത്തിയില്ല. ഏതാനും എൽഡിഎഫ് അംഗങ്ങൾ അനുകൂലിക്കുന്നില്ലെന്ന് അധ്യക്ഷ ബി.സുജാത ഉപാധ്യക്ഷനോടും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനോടും പരാതിയായി പറഞ്ഞതോടെ അവർ കൈ ഉയർത്താൻ ഉച്ചത്തിൽ ആവശ്യപ്പെട്ടു കൊണ്ട് സമ്മർദം ചെലുത്തി.  

അതോടെ ജനാധിപത്യത്തെ എൽഡിഎഫ് വെല്ലുവിളിക്കുന്നുവെന്നും സ്വതന്ത്ര അഭിപ്രായം പറയാൻ ഇടത് അംഗങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ ഇരിപ്പിടം വിട്ടിറങ്ങി. തുടർന്ന് ഇരുപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. പ്രതിപക്ഷ അംഗങ്ങൾ ആയ എൻ.സുന്ദരേശൻ, ഷെമി എസ്.അസീസ്, എം.പി.റഷീദ് കുട്ടി, എസ്.പൊടിയൻ പിള്ള, കെ.ബിജു എന്നിവരും അധ്യക്ഷയും തമ്മിൽ കടുത്ത തർക്കം നടന്നു.  

ഇടതുമുന്നണി എടുത്ത തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും മൃഗാശുപത്രിക്ക് മണിയാർ സ്ഥലം വിട്ടു നൽകാൻ തീരുമാനിക്കുമെന്നും അധ്യക്ഷ യോഗത്തിൽ അറിയിച്ചതോടെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് ബഹിഷ്കരണം ആഹ്വാനം ചെയ്തു. തുടർന്ന് അംഗങ്ങൾ ഹാൾ വിട്ടിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com