നിറയാറായി കല്ലട പദ്ധതി അണക്കെട്ട്; ജലനിരപ്പ് 110.44 മീറ്റർ കടന്നാൽ 3 ഷട്ടറുകളും തുറക്കും

Mail This Article
തെന്മല ∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെത്തുടർന്നു സംഭരണശേഷിയോട് അടുപ്പിച്ചു ജലനിരപ്പ്. അണക്കെട്ടിലെ 3 സ്പിൽവേ ഷട്ടറുകളും ചെറിയ തോതിലെങ്കിലും തുറക്കാൻ സാധ്യതയേറിയ പശ്ചാത്തലത്തിൽ ഷട്ടറുകളിൽ ഒന്നിൽ നിന്നു ചോർച്ച ശക്തമായി.
കനത്ത മഴയിൽ പോഷകനദികളിൽ നിന്നു വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ തടികൾ മധ്യഭാഗത്തെ ഷട്ടറിൽ വന്നിടിച്ചു തകരാർ സംഭവിച്ചത് ആണു കാരണം. മാലിന്യങ്ങൾ അടിഞ്ഞതാണു മറ്റൊരു കാരണം. അണക്കെട്ടിന്റെ നിർമിതിയോടു ചേർന്ന ഷട്ടറിന്റെ റബർ ബുഷ് ഇളകി പോയ വിടവിലൂടെയാണു ചോർച്ച ശക്തമായത്.
ഇന്നലെ രാവിലെ 109.73 മീറ്റർ ആണു ജലനിരപ്പ്. വൈകിട്ടോടെ 109.80 ആയി ഉയർന്നു. 110.44 മീറ്റർ കടന്നാൽ അണക്കെട്ടിന്റെ 3 ഷട്ടറുകൾ മതിയായ സെന്റീമീറ്റർ അളവിൽ ഒരോന്നായി തുറന്നു വെള്ളം ഒഴുക്കും. 115.82 മീറ്റർ ആണ് അണക്കെട്ടിന്റെ സംഭരണശേഷി. പരമാവധി ജലനിരപ്പ് 116.73 മീറ്ററും.
വനമേഖലയിൽ അടക്കം കനത്ത മഴ തുടരുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യത കൂടുതലാണ്. പ്രധാന പോഷകനദികളായ കല്ലട, കഴുതുരുട്ടി, ശെന്തുരുണി നദികളിൽ കനത്ത മഴയിൽ ശക്തമായ നീരൊഴുക്കും ജലനിരപ്പും ഉയർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പിൽ വർധന രേഖപ്പെടുത്തിയത്.
അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കാതെ ജലനിരപ്പ് ക്രമീകരിക്കാൻ അണക്കെട്ടിന്റെ വശത്തു പണിത ഓക്സിലറി സ്പിൽവേ (ലാബറിന്ത്) ഉപയോഗപ്രദം ആയില്ല. അണക്കെട്ട് ഷട്ടറുകളെക്കാൾ നിർമാണത്തിൽ ലാബറിന്തിന് ഉയരം കൂടിയതായിരുന്നു കാരണം.
ഉയരം കുറച്ചു സ്പിൽവേ ഉപയോഗപ്പെടുത്താനുള്ള ശ്രമം പിന്നീട് ഉപേക്ഷിച്ചിരുന്നു. തകരാറിലായതോടെ ചോർച്ച ബലപ്പെട്ട ഷട്ടറിന്റെ റബർ ബുഷ് സ്ഥാപിക്കുന്നത് അടക്കം അറ്റകുറ്റപ്പണികൾ മെയിന്റനൻസ് വിഭാഗം ഉടനെ നടത്തി ചോർച്ച പരിഹരിക്കുമെന്നു കെഐപി അധികൃതർ പറഞ്ഞു.