ADVERTISEMENT

കൊല്ലം ∙ നഗരത്തിൽ വീണ്ടും  ആരംഭിച്ച പ്രീപെയ്ഡ് ഓട്ടോ സർവീസിന്റെ നിരക്കുകൾ പുനഃപരിശോധിക്കും. കൊല്ലം റെയിൽവേ സ്റ്റേഷനിലും ചിന്നക്കടയിലും പുനരാംരംഭിച്ച  സർവീസ് തൊഴിലാളികൾ പണിമുടക്കിയതോടെ സ്തംഭിച്ചിരുന്നു.  മേയറുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണു തീരുമാനം. കഴിഞ്ഞ 6നാണു നഗരത്തിൽ സർവീസുകൾ  തുടങ്ങിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ 3 സർവീസുകൾ മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു. പ്രീപെയ്ഡ് കൗണ്ടറിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്ന് ആരോപിച്ചും നിരക്ക് കൂടുതൽ ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. തിരുവനന്തപുരവുമായി താരതമ്യം ചെയ്യുമ്പോൾ കൊല്ലത്തെ നിരക്കു കുറവാണെന്നു യോഗത്തിൽ മേയർ ചൂണ്ടിക്കാട്ടി. പ്രീപെയ്ഡ് ഓട്ടോകളുടെ നിലവിലെ നിരക്കും ദൂരവും വിശദമായി പഠിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനുമാണു തീരുമാനം. നിരക്ക് പുനഃപരിശോധിക്കാൻ കോർപറേഷൻ ആർടിഒയോട് ആവശ്യപ്പെടും. തുടർന്നുള്ള തീരുമാനം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജിയെ അറിയിക്കും. 

എന്നാൽ തിരുവനന്തപുരത്തു  വൺവേ റോഡുകൾ കൂടുതൽ ഉള്ളതിനാലാണു നിരക്കിൽ ചെറിയ മാറ്റം ഉള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം ലീഗൽ സർവീസ് അതോറിറ്റി ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം. പണിമുടക്ക് ആരംഭിച്ചതോടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ സ്റ്റേഷനിൽ ആളുകളെ കൊണ്ടുവിടാൻ എത്തുന്നതോ പുറത്തുള്ളതോ ആയ ഓട്ടോകളെ ആണ് ആശ്രയിക്കുന്നത്. പ്രീ പെയ്ഡ് സർവീസ് പ്രവർത്തിക്കുന്നില്ലെങ്കിലും ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ കൗണ്ടറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്.  ഏറെക്കാലത്തെ യാത്രക്കാരുടെ വലിയ ആവശ്യമായിരുന്ന പ്രീപെയ്ഡ് ഓട്ടോ സർവീസ് എന്ന ആവശ്യം ഇനിയും വൈകാനാണു സാധ്യത. 

നോ പാർക്കിങ്  ബോർഡുകൾ സ്ഥാപിക്കും

കൊല്ലം ∙ റെയിൽവേ സ്റ്റേഷൻ മുതൽ കർബല ജംക്‌ഷൻ വരെ റോഡിന് ഇരുവശവും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ തീരുമാനം. ഈ ഭാഗത്തായി വാഹനങ്ങൾ റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത തടസ്സമുണ്ടാവുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com