ADVERTISEMENT

കൊച്ചി, കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്‌ണനാണ് ഇടക്കാല ഉത്തരവിലൂടെ വിചാരണക്കോടതിയിലെ നടപടികൾ തടഞ്ഞത്. നിലവിലെ അന്വേഷണത്തെക്കുറിച്ചുള്ള വന്ദനയുടെ മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ വിചാരണക്കോടതിയിൽ വിചാരണ നടപടി പുരോഗമിക്കുന്ന സാഹചര്യത്തിൽ ഹർജി നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വിജയഭാനു വാദിച്ചു. ഹർജി ആറിനു പരിഗണിക്കാൻ മാറ്റിയ ഹൈക്കോടതി ഇതിനു മുൻപു ഡിജിപി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.

വന്ദനയുടെ രക്ഷിതാക്കളെ സംസ്ഥാന പൊലീസ് മേധാവി നേരിട്ടു കണ്ടു സംസാരിച്ച് പരാതി പരിഹരിക്കാൻ നടപടിയെടുക്കാനും ഇതിന്റെ റിപ്പോർട്ട് നൽകാനുമാണു നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ചിരുന്നത്. വന്ദനയുടെ മാതാപിതാക്കളെ നാട്ടകം ഗെസ്റ്റ് ഹൗസിൽ കണ്ട് ഡിജിപി ചർച്ച നടത്തി. തുടർന്നാണു റിപ്പോർട്ട് നൽകാൻ സമയം വേണമെന്നു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ശ്രമമെന്നും അന്വേഷണം സിബിഐയ്ക്കു വിടാൻ തടസമെന്താണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചോദിച്ചു. അതേസമയം, ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിക്കു ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നു പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ 25ന് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിചാരണക്കോടതിയിലെ തുടർ നടപടികൾ വൈകിയേക്കും. മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് അകമ്പടിയിൽ പരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ്, ഡോ.വന്ദന ദാസിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com