ADVERTISEMENT

പുനലൂർ ∙ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ‘വാട്ടർ കിയോസ്കുകൾ’ പ്രവർത്തനക്ഷമമാക്കണമെന്നും പ്രധാന ഇടത്താവളമായ ഇവിടെ ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി, യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. നഗരസഭാധ്യക്ഷയെ ഉപരോധിച്ചു. ഇവിടെ ബിജെപി, യുവമോർച്ച പ്രവർത്തകരും കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും ഉണ്ടായി. കൂടുതൽ പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി . നഗരസഭാധ്യക്ഷയുമായി ബിജെപി പ്രവർത്തകർ സംസാരിക്കുന്നതിനിടെ സിപിഐ കൗൺസിലർമാർ ഇടപെട്ടതോടെയാണ് വാക്കു തർക്കം ഉണ്ടായത്.

ടിബി ജംക്‌ഷൻ, മുനിസിപ്പാലിറ്റിയുടെ മുൻഭാഗം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ മാർക്കറ്റ്, ചെമ്മന്തൂർ എന്നിവിടങ്ങളിലെല്ലാം ‘വാട്ടർ കിയോസ്കുകൾ’ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ലെന്ന് പ്രതിഷേധം നടത്തിയവർ ആരോപിച്ചു. മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് വേണ്ട യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കി നൽകുന്നില്ലെന്നും കച്ചവടക്കാർക്ക് ലൈസൻസ് കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പുനലൂർ–പത്തനാപുരം റോഡിൽ സീസൺ കട നടത്താൻ സൗകര്യം ഉണ്ടായിട്ടും ടിബി ജംക്‌ഷൻ മുതൽ വാളക്കോട് വരെ വാഹനത്തിരക്കുള്ള ഭാഗമാണ് വ്യാപാരത്തിനായി തുറന്നു കൊടുക്കുന്നത്. ഇക്കാരണത്താൽ സീസൺ തുടങ്ങിയാൽ ഗതാഗത സ്തംഭനം പതിവാണെന്നും അതിനാൽ കടകൾ പുനലൂർ–പത്തനാപുരം റോഡിലേക്കു കൂടി മാറ്റണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഉപരോധ സമരം ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം ഉദ്ഘാടനം ചെയ്തു. ബിജെപി വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് അനീഷ് അഷ്ടമംഗലം അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി മനോജ് അഷ്ടമംഗലം, ബിജെപി ജില്ലാ കമ്മിറ്റി അംഗം കാർത്തിക, മുനിസിപ്പൽ ജനറൽ സെക്രട്ടറി ജീവൻ ജോൺ ഹെൻട്രി, ശശി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഗ്രീഷ്മ കൃഷ്ണ,ബിജെപി നേതാക്കളായ ചന്തു വാളക്കോട്, സജികുമാർ, രതീഷ് വെട്ടിപ്പുഴ,ബിനു,രവി കണ്ണൻ കലയനാട്, ഹരീഷ്, ശ്രീകുമാർ ചാലിയക്കര, ശുചീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com