ADVERTISEMENT

കൊല്ലം∙ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിച്ചു തമിഴ്നാട്ടിലെ ചെങ്കോട്ട  വരെ നീളുന്ന ഗ്രീൻ ഫീൽഡ് ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (3 എ ) റദ്ദായി. ഭൂമി അളന്നു അതിർത്തിക്കല്ലുകൾ സ്ഥാപിക്കാത്ത 7 വില്ലേജുകളിലെ വിജ്ഞാപനമാണ് റദ്ദായത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ  മാസങ്ങളായി നിലച്ചിരിക്കുകയായിരുന്നു.

ആര്യങ്കാവ്, തെന്മല, ഇടമൺ, കോട്ടുക്കൽ, അഞ്ചൽ, അയിരനല്ലൂർ, ഏരൂർ, അലയമൺ വില്ലേജുകളിലെ വിജ്ഞാപനമാണിത്. 8 വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം (3–ഡി) ഇറങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ മടവൂർ, പള്ളിക്കൽ,  കുടവൂർ, നാവായിക്കുളം  കൊല്ലം ജില്ലയിലെ  ചടയമംഗലം, ഇട്ടിവ, നിലമേൽ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള 3–‍ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്..

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 15 വില്ലേജുകളിൽ നിന്ന് 265 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രാഥമിക വിജ്ഞാപനം ഇറങ്ങിയാൽ ഒരു വർഷത്തിനകം ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ല് സ്ഥാപിച്ച്, അന്തിമ വിജ്ഞാപനം ഇറങ്ങണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പ്രാഥമിക വിജ്ഞാപനം റദ്ദാകും. വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയായതിനെ തുടർന്നാണ് 3– എ വിജ്ഞാപനം റദ്ദായത്. ഇനി, ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി പത്രപ്പരസ്യം നൽകുന്നത് ഉൾപ്പെടെ നടപടികൾ തുടങ്ങണം. 

ദേശീയപാതകളുടെ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി നൽകുന്ന വിലയുടെ 75% കേന്ദ്രസർക്കാരും 25% സംസ്ഥാനവുമാണ് നൽകിയിരുന്നത്. ഗ്രീൻഫീൽഡ് പാതയ്ക്ക് ഭൂമി വിലയുടെ 25% സംസ്ഥാനം നൽകാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും കേന്ദ്രം നൽകാമെന്നും പകരം റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ നികുതിയും റോയൽറ്റിയും ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതു സംബന്ധിച്ചു സംസ്ഥാന സർക്കാർ തീരുമാനം എടുക്കാതിരുന്നതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്തംഭിച്ചത്. ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനം അംഗീകരിച്ചില്ല. ഇതോടെ ഗ്രീൻ ഫീൽഡ് പാതയുടെ നിർമാണം അനിശ്ചിതത്വത്തിലായി. ആറു വരിയായി വികസിപ്പിക്കുന്ന ദേശീയ പാത– 56ന് ഭൂമി ഏറ്റെടുത്തതിന് നൽകിയ വിലയുടെ വിഹിതവും സംസ്ഥാനം നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com