ADVERTISEMENT

ചവറ ∙ ജനവാസമേഖലയിൽ വീടുകളോടു ചേർന്ന് കള്ളുഷാപ്പ്. ജനകീയ പ്രതിഷേധത്തിനു ഇന്ന് 21 ദിവസം. പഞ്ചായത്ത് താന്നിമൂട് വാർഡിൽ താന്നിമൂട് മാർക്കറ്റിനു സമീപം ആരംഭിച്ച മേനാമ്പള്ളി ടിഎസ് 9–ാം നമ്പർ കള്ളുഷാപ്പിനെതിരെയാണു നാട്ടുകാരുടെ പ്രതിഷേധം. പ്രവർത്തനം തുടങ്ങാനായി ഷാപ്പിലേക്കു കള്ള് എത്തിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇത് ഒഴുക്കി കളയേണ്ടി വന്നു. ലൈസൻസി ഷാപ്പ് തുറക്കുന്നതിനു ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങിയെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നു പ്രവർത്തനം തുടങ്ങാനായിട്ടില്ല. പുതുക്കാട് ഗവ.സ്കൂൾ, അങ്കണവാടി, ചവറ തലമുകിൽ പള്ളി, മാർക്കറ്റ് എന്നിവിടങ്ങളിലേക്കു പോകുന്ന റോഡിന്റെ വശത്തായി ആൾത്താമസമില്ലാത്ത വീടിന്റെ പിൻവശത്താണു ഷാപ്പ് തുറന്നത്.  ഇതിനെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു പ്രതിഷേധം നടത്തിവരികയാണ്.

വിവിധ രാഷ്ട്രീയ പാർട്ടികളും നാട്ടുകാർക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും ഷാപ്പിലേക്കു കള്ള് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ജനകീയ സമിതിയും നാട്ടുകാരും പറഞ്ഞു. ജനകീയ സമിതി പ്രതിഷേധത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സമീപവാസി നെല്ലിപ്പുഴ കിഴക്കേതിൽ രവീന്ദ്രൻ കഴിഞ്ഞ ദിവസം അന്തരിച്ചു. ഇദ്ദേഹത്തിന്റെ വീടിന്റെ അടുക്കളയോട് ചേർന്ന ഭാഗത്താണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

ഷാപ്പ് ഉടൻ അടച്ച് പൂട്ടണം
ഷാപ്പ് ഉടൻ അടച്ച് പൂട്ടണം എന്നാവശ്യപ്പെട്ടു മഹിളാ കോൺഗ്രസ് ചവറ ബ്ലോക്ക് കമ്മിറ്റി  പ്രതിഷേധം സംഘടിപ്പിച്ചു. ചവറ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജിജി,   പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ്, ജയചന്ദ്രൻ, പി.കെ. ജയപ്രകാശ്, ഉഷാകുമാരി, ബിജി, ഗിരിജ.എസ്.പിള്ള, ഗിരിജ കുമാരി, പ്രഭാ അനിൽ, ബ്ലെയ്സി കുഞ്ഞച്ചൻ, സുജ ഷിബു, പി.കെ.ലളിത, സുനിത കുമാരി, മറിയാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com