ഒഴുക്ക് തടഞ്ഞ് മൺകൂനകൾ; ദേശീയപാതയുടെ സമീപത്തെ വീടുകളിൽ വെള്ളം കയറി
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തിനുള്ള വൻ മൺകൂനകൾ മൂലം വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി നാശനഷ്ടം. ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തെ വീടുകളിലാണ് ഇന്നലെ സന്ധ്യയ്ക്കു പെയ്ത ശക്തമായ മഴയിൽ വെള്ളം കയറിയത്. വീടിന്റെ ചുറ്റുമതിലും കുളിമുറിയും തകർന്നു, പാത്രങ്ങൾ ഒഴുകി പോയി. ‘ഏരിസിൽ’ വിനു,വാഴൂർ പുത്തൻ വീട്ടിൽ ശുഭകുമാർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ദേശീയപാത നിർമാണത്തിനായി പാതയോരത്ത് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തി വലിയ തോതിൽ മണ്ണ് ശേഖരിച്ചിട്ടുണ്ട്. ഇവിടെ മണ്ണ് നിക്ഷേപിക്കുന്ന വേളയിൽ തന്നെ ഇതിന്റെ അപകട ഭീഷണി നാട്ടുകാർ പറഞ്ഞെങ്കിലും കരാർ കമ്പനി അധികൃതർ ചെവിക്കൊണ്ടില്ല. ഇന്നലെ വൈകിട്ട് പെയ്ത അതിശക്തമായ മഴയിൽ ദേശീയപാതയിലൂടെ ഒഴുകി വന്ന വെള്ളം മൺകൂനയിൽ തട്ടി തടസ്സപ്പെട്ടു. സമീപത്തെ വിനുവിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ മണ്ണും ചെളിയുമായി വെള്ളം കുത്തി ഒലിച്ചെത്തുകയായിരുന്നു.
വീടിന്റെ പിൻവശത്തെ കുളിമുറിയുടെ ഭാഗവും മതിലും തകർന്നു. ഹോം തിയറ്റർ മുറിയിലെ പരവതാനി ഉൾപ്പെടെ ചെളി വെള്ളം കയറി നശിച്ചു. വീടിനു പുറത്തിരുന്ന പാത്രങ്ങൾ ഒഴുകി പോയി. സമീപത്തെ ശുഭ കുമാറിന്റെ വീട്ടിലും വെള്ളം കയറി നാശമുണ്ടായി. ശക്തമായ മഴയിൽ ചാത്തന്നൂർ തിരുമുക്കിൽ സർവീസ് റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനങ്ങൾ കുഴിയിൽ അകപ്പെട്ടു. കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി.