വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാന; മടുത്ത് കർഷകർ

Mail This Article
പുന്നല ∙ ഈ പെരുമഴയത്തും രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കുന്ന ഗ്രാമവാസികൾ തോറ്റ് പിന്മാറുകയാണ്, കാട്ടാനയുടെ മുന്നിൽ. വലിയ തീ കൂട്ടി കാവലിരുന്നിട്ടും കൃഷിയിടങ്ങളിൽ താണ്ഡവം ആടുന്ന കാട്ടാനയെ മെരുക്കാൻ നാട്ടുകാർക്കും അധികൃതർക്കും ആകുന്നില്ല. കഴിഞ്ഞ രാത്രിയിൽ പുന്നല മൈക്കണ്ണയിലിറങ്ങിയ കാട്ടാന അലിയാർ റാവുത്തറുടെ പുരയിടത്തിലെ തെങ്ങ്, റബർ, കമുക്, എന്നിവയെല്ലാം നശിപ്പിച്ചു. രാത്രി 9ന് ഇറങ്ങിയ കാട്ടാന പുലർച്ചെ വരെ താണ്ഡവം ആടിയാണു കാട്ടാന മടങ്ങിയത്.
ഒരാഴ്ചയ്ക്കിടെ തച്ചക്കോട്, കടശേരി, മൈക്കണ്ണ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കാട്ടാനക്കൂട്ടം വരുത്തി വയ്ക്കുന്നത്. വനാതിർത്തിയിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമങ്ങളിൽ പോലും കാട്ടാനയിറങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കുറച്ചു ദിവസമായി മേഖലയിൽ ശക്തമായ മഴയാണ്. ഇതു മൂലം കാട്ടാനയെ തുരത്താൻ തീയിടാൻ പോലും കഴിയുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ദുരിതാവസ്ഥയിൽ ആണ് നാട്ടുകാർ.