പേരിലൊരു റോഡ്, നേരിലോ തോട്; കുണ്ടും കുഴിയുമായ റോഡ് നവീകരിക്കാതെ അധികൃതർ

Mail This Article
കൊല്ലം ∙ കൊല്ലം ടൗണിൽ കോർപറേഷൻ ഒാഫിസിന് വിളിപ്പാടകലെയുള്ള കുണ്ടും കുഴിയുമായ റോഡുകളുടെ അറ്റകുറ്റപ്പണികളെങ്കിലും നടത്താൻ അധികൃതർ തയാറാകണമെന്നു യാത്രക്കാരും നാട്ടുകാരും. ഏറെ തിരക്കുള്ള എസ്എംപി പാലസ്– പബ്ലിക് ലൈബ്രറി റോഡ്, എസ്പി ഒാഫിസ് മേൽപാലം റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. കോർപറേഷൻ ഒാഫിസിന്റെ മൂക്കിനു താഴെ മുനിസിപ്പൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിലെ 2 വലിയ ഗർത്തങ്ങളും യാത്രക്കാരുടെ നടുവൊടിക്കും. അപകടങ്ങളും ബുദ്ധിമുട്ടുകളും നേരിൽ കണ്ടും അനുഭവിച്ചും നാട്ടുകാരും യാത്രക്കാരും പരാതികളും നിവേദനങ്ങളുമായി ഒട്ടേറെ തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല.
പബ്ലിക് ലൈബ്രറി റോഡിലൂടെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും കടന്നു പോകുന്നത്. പബ്ലിക് ലൈബ്രറി, പൊലീസ് ക്ലബ്, സമീപത്തെ മുസ്‌ലിം മസ്ജിദ് എന്നിവയുടെ മുന്നിലുള്ള റോഡുകളാണ് ആകെ തരിപ്പണമായി കിടക്കുന്നത്. എസ്പി ഒാഫിസ് മേൽപാലത്തിലേക്കു കയറിക്കഴിഞ്ഞാൽ വാഹനങ്ങൾ കുഴിയിൽ വീഴാതെ ഒാടിക്കുക എന്നതാണു വെല്ലുവിളി.

ദേശീയ പാതയിൽ കോർപറേഷൻ ഒാഫിസിന് എതിരെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുളള 2 വലിയ കുഴികൾ ഇരുചക്രവാഹന യാത്രക്കാരുടെ ജീവനെടുക്കുന്ന തരത്തിൽ വലിയ ഗർത്തമായിട്ടുണ്ട്. രാത്രിയിൽ ഇതുവഴി വരുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. റീ ടാറിങ് ചെയ്യാൻ തടസ്സമുണ്ടെങ്കിൽ താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്തെങ്കിലും യാത്രക്കാരുടെ നടുവൊടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.