ADVERTISEMENT

ഇളമാട് ∙ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം വ്യാപിച്ചതിനെത്തുടർന്നു തോട്ടംമുക്കിലെ പന്നി ഫാം നാട്ടുകാർ ഉപരോധിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് ഫാം പരിശോധിച്ചപ്പോൾ ചീഞ്ഞഴുകിയ മാലിന്യം കണ്ടെത്തി. ഇളമാട് പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് പൊലീസിനു കൈമാറി.

തുടർന്നു ചടയമംഗലം പൊലീസ് ഫാമിനെതിരെ കേസെടുത്തു. ഇളമാട് പഞ്ചായത്ത് 7ാം വാർഡിൽ ഇടത്തറപ്പണ - കവലക്കപ്പച്ച റോഡിൽ തോട്ടംമുക്ക് ഭാഗത്താണ് ഫാം പ്രവർത്തിക്കുന്നത്. രൂക്ഷമായ മാലിന്യപ്രശ്നത്തെത്തുടർന്നു ഫാമിനു പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതു സംബന്ധിച്ചു ഫാം ഉടമയും പഞ്ചായത്തും തമ്മിലുള്ള കേസ് ട്രൈബ്യൂണലിൽ നടക്കുകയാണ്. 

ഇപ്പോൾ മാലിന്യ പ്രശ്നം പഴയതിലും രൂക്ഷമായെന്നു പ്രദേശവാസികൾ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളി‍ൽ നിന്നുള്ള പ്ലാസ്റ്റിക്, ഹോട്ടൽ അവശിഷ്ടങ്ങൾ, അറവു മാലിന്യം എന്നിവ ഇവിടെ എത്തിച്ചു കുഴിച്ചിടുകയാണ് എന്നും ഇതുമൂലം സമീപത്തെ കിണറുകൾ തോടുകൾ എന്നിവിടങ്ങളിൽ മലിനജലം നിറഞ്ഞെന്നും ആരോപണമുണ്ട്. ഫാമിനടുത്തു താമസിക്കുന്ന വീട്ടമ്മ ദുർഗന്ധം ശ്വസിച്ചു കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലായതായി മകൾ ആരോഗ്യവകുപ്പിനു പരാതി നൽകി. 

പ്രദേശത്തു രൂക്ഷഗന്ധം വമിച്ചതിനെ തുടർന്നു കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ വാർഡ് അംഗങ്ങളായ കെ.ഉണ്ണി, ആർ.എസ്.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണു പ്രദേശവാസികൾ ഫാം ഉപരോധിച്ചത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഫാമിൽ നിന്നുള്ള മാലിന്യപ്രശ്നം മൂലം പ്രദേശം സാംക്രമിക രോഗ ഭീഷണിയിലാണെന്നും ജലസ്രോതസ്സുകളിൽ മലിനീകരണ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പഞ്ചായത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മാലിന്യപ്രശ്നത്തെത്തുടർന്ന് ഫാമിന്റെ ലൈസൻസ് റദ്ദാക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു. കോടതിവിധി ഉണ്ടായതിനു ശേഷം മാത്രമേ ഇനി മാലിന്യവുമായി വാഹനങ്ങൾ ഇവിടെ എത്താൻ പാടുള്ളൂ എന്ന നിർദേശം ഫാം ഉടമയ്ക്കു നൽകിയതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT