ADVERTISEMENT

കൊല്ലം∙ വിദേശത്തു വച്ചു മരിച്ച മകന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി മാതാവ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. മയ്യനാട് ശോഭാ മൻസിലിൽ ശോഭിതയാണ് പരാതിക്കാരി. ശോഭിതയുടെ ഏക മകൻ അനന്തൻ(27)ആണ് ഒക്ടോബർ 4ന് യുഎഇയിലെ അജ്മാനിൽ വച്ച് മരിച്ചത്. നാട്ടിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ഫർണിച്ചർ കടയിലുമായി ജോലി ചെയ്തിരുന്ന അനന്തൻ സെപ്റ്റംബർ 25നാണ് അജ്മാനിലേക്കു ജോലി തേടി പോയത്. ഇവരുടെ മയ്യനാട്ടെ വീടും വസ്തുവും ജപ്തി ഭീഷണിയിലാണ്. അനന്തന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിനി നൽകിയ വിസിറ്റിങ് വീസയിലാണ് വിദേശത്തേക്കു പോയത്. 

അജ്മാൻ ഗോൾഡ് സൂക്കിലുള്ള ഫ്ലാറ്റിലാണ് അനന്തൻ താമസിച്ചിരുന്നത്. ഒക്ടോബർ 4ന് അനന്തന് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നും വീസ നൽകിയ സുഹൃത്ത് അനന്തന്റെ അമ്മയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് അജ്മാനിലുള്ള അനന്തന്റെ ബന്ധു വഴി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈപ്പറ്റി പരിശോധിച്ചപ്പോഴാണ് അനന്തൻ അമിതമായി ലഹരിമരുന്നു ഗുളികകൾ കഴിച്ചതായും ലൈംഗിക അവയവങ്ങൾക്കും മറ്റും ഗുരുതര പരുക്കുണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞത്.

അനന്തന്റെ മൃതദേഹം ഒക്ടോബർ 10ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശോഭിത ആരോപിക്കുന്നത്.  വീസ നൽകിയ പെൺ സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വളരെ മോശമായ അഭിപ്രായമാണ് കേട്ടതെന്നും ശോഭിത പറയുന്നു.  ഇവരെക്കുറിച്ച് അന്വേഷിക്കണമെന്നും മകന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് അമ്മ ശോഭിത സിറ്റി പൊലീസ് കമ്മിഷണർക്ക് പുറമേ എൻ.കെ.പ്രേമചന്ദ്രൻ എംപി,എംഎൽഎ എന്നിവർക്കും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com