ADVERTISEMENT

കൊല്ലം∙ ദീർഘദൂര ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. സമയക്രമം പരിഷ്കരിച്ചതിനു ശേഷം ട്രെയിനുകൾ ഒന്നിനു പിന്നാലെ ഒന്നായാണ് എത്തുന്നത്. പിന്നീട് ഏറെ സമയത്തേക്കു ട്രെയിനുകളുണ്ടാകില്ല എന്നതാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് ഏറെ പരാതികൾ നൽകിയിരുന്നതായി യാത്രക്കാർ പറയുന്നു. 

ന്യൂഡൽഹിയിൽ നിന്നു പുറപ്പെടുന്ന കേരള എക്സ്പ്രസിന്റെ സമയം രാവിലെ 11.30നു പകരം രാത്രി 8.30ന് ആക്കിയപ്പോൾ കോട്ടയം വഴി പകൽ 11നും 12നും ഇടയിൽ എത്തേണ്ട ഒരു ട്രെയിനാണ് കുറഞ്ഞത്. കോട്ടയത്ത് നിന്ന് 10.50നുളള ജനശതാബ്ദിക്ക് ശേഷം ഉച്ചയ്ക്കു 2.15നുള്ള ശബരി ഏക്രസ്പ്രസാണ് അടുത്ത ട്രെയിൻ. അതുപോലെ മറ്റു പല ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. ദീർഘമായ ഇടവേളകളിൽ മെമു സർവീസുകൾ ആരംഭിക്കണം എന്നാണ് ആവശ്യം.

എറണാകുളത്തു നിന്നു കോട്ടയം വഴി കൊല്ലത്തിന് രാവിലെയുള്ള മെമു ബുധനാഴ്ച ഉണ്ടാകില്ല. അറ്റകുറ്റപ്പണി കണക്കിലെടുത്താണ് ബുധനാഴ്ചയിലെ സർവീസ് ഒഴിവാക്കുന്നത്. അതേസമയത്ത് പകരം മെമുവോ, പാസഞ്ചർ ട്രെയിനുകളോ ഓടിക്കണമെന്നാണ് മറ്റൊരാവശ്യം. ഈ പാതയിലെ ചെറു സ്റ്റേഷനുകളിൽ മെമു നിർത്താറുണ്ട്. അവിടെ നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കാനാകും. 

രാവിലെ 11.55ന് കൊല്ലത്ത് എത്തുന്ന പുണെ ജയന്തി ജനത എക്സ്പ്രസിൽ ജനറൽ കംപാർട്മെന്റുകളിലും ഡീറിസർവ്ഡ് കോച്ചുകളിലും വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതു ട്രെയിൻ വൈകുന്നതിനും കാരണമാകുന്നു. കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുകയോ, ആ ട്രെയിനിനു മുന്നിലായി മെമു സർവീസ് ആരംഭിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തിരുവനന്തപുരത്തേക്കുള്ള ജയന്തി ജനതയുടെ സമയക്രമം മാറ്റിയതും ബുദ്ധിമുട്ടു സൃഷ്ടിച്ചിട്ടുണ്ട്. 

കൊല്ലം – കന്യാകുമാരി മെമു രാവിലെ 8.25നാണ് നിലവിൽ പുറപ്പെടുന്നത്. തിരുവനന്തപുരത്തേക്കുള്ള അടുത്ത ട്രെയിൻ ചെന്നൈ മെയിൽ 9.55നാണ് എത്തുന്നത്. വഞ്ചിനാട് എക്സ്പ്രസിന്റെ കൊല്ലത്തെ സമയം 8.20 ആണ്. അഞ്ചു മിനിറ്റിനു ശേഷം പുറപ്പെടുന്ന മെമുവിൽ യാത്രക്കാർ കുറവാകും. മെമുവിന്റെ സമയക്രമം 9 മണിയാക്കി നിശ്ചയിച്ചാൽ യാത്രക്കാർക്ക് ഉപകാരമാകും. അതുപോലെ 11.35നുള്ള കന്യാകുമാരി മെമുവിന്റെ സമയക്രമവും യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. 

പുനലൂർ പാതയിൽ യാത്രാക്ലേശം രൂക്ഷം
പുനലൂർ ∙ പകൽ 9 മണിക്കൂറോളം ട്രെയിൻ സർവീസ് ഇല്ലാത്ത പുനലൂർ–കൊല്ലം പാതയിൽ ഏഴേകാൽ മണിക്കൂർ പുനലൂരിൽ നിർത്തിയിടുന്ന മധുര ട്രെയിൻ ഇടയ്ക്ക് ഒരു കൊല്ലം–പുനലൂർ സർവീസ് നടത്തുന്നതിന് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുനലൂർ സ്റ്റേഷനിൽ നിന്നു രാവിലെ 8.15ന് കൊല്ലത്തേക്ക് മെമു പുറപ്പെട്ടാൽ പിന്നീട് വൈകിട്ട് 5.15നാണ് അടുത്ത ട്രെയിൻ.

പാത ബ്രോഡ്ഗേജ് ആയതിനു ശേഷം ഇത്രയും വലിയ ഒരു ഇടവേള പകൽ സമയത്ത് ഉണ്ടാകുന്നത് നീതീകരിക്കാൻ ആവില്ലെന്നാണ് യാത്രക്കാരുടെ പക്ഷം. പാത ബ്രോഡ്ഗേജ് ആയി തുറന്നപ്പോൾ ഉച്ചയ്ക്ക് 11.10നും 2.50നും കൊല്ലത്തേക്ക് പാസഞ്ചർ സർവീസ് ഉണ്ടായിരുന്നതാണ്. എന്നാൽ ചെങ്കോട്ടയിലേക്ക് പാത നീട്ടിയപ്പോൾ 11.10 ന് ഉണ്ടായിരുന്ന ട്രെയിൻ റദ്ദാക്കി. ചെങ്കോട്ട - കൊല്ലം പാസഞ്ചർ റദ്ദാക്കിയത് മൂലം ഉച്ചയ്ക്ക് 1.50ന് ഉണ്ടായിരുന്ന പാസഞ്ചറും നിർത്തലാക്കി.

കഴിഞ്ഞമാസം പുനലൂർ റെയിൽവേ സ്റ്റേഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുമായി നടത്തിയ ചർച്ചയിൽ പകൽ സമയത്ത് ഒരു അധിക മെമു സർവീസ് ഓടിക്കാമെന്ന് റെയിൽവേ ഉറപ്പു നൽതിയതാണ്.  രാവിലെ 10ന് പുനലൂരിൽ എത്തിച്ചേരുന്ന മധുര ട്രെയിൻ ശുചീകരണത്തിന് ശേഷം ഉച്ചയ്ക്ക് 1.40 ന് കൊല്ലത്തേക്ക് പുറപ്പെട്ടാൽ 3 മണിയോടെ കൊല്ലത്ത് എത്തും. അവിടുന്ന് തിരികെ 3.15ന് പുനലൂരിലേക്ക് പുറപ്പെടാൻ സാധിക്കും.

4.30ന് പുനലൂരിൽ എത്തുന്ന ട്രെയിൻ 5.15ന് മധുരയ്ക്ക് പുറപ്പെടുകയും ചെയ്യാം. കൊല്ലം സ്റ്റേഷനിൽ ഒന്ന് എ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തി തിരികെ യാത്ര തിരിക്കാമെന്നിരിക്കെ കൊല്ലം വഴി പോകുന്ന മറ്റു ട്രെയിനുകളുടെ സർവീസിനെ ഇത് ബാധിക്കുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com