കാരക്കുടി വഴിയുള്ള ശബരിമല സ്പെഷൽ സർവീസ് ഉപകാരപ്പെടുന്നില്ലെന്ന് പരാതി
Mail This Article
പുനലൂർ ∙ കൊല്ലം –ചെങ്കോട്ട പാതയിൽ അനുവദിച്ച ശബരിമല സ്പെഷൽ സർവീസ് കൂടുതൽ പേർക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി. ആന്ധ്രാ,കർണാടക,തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു ചെന്നൈയിൽ എത്തി അവിടെ നിന്നുമാണു കേരളത്തിലേക്ക് ഭക്തർ എത്തുന്നത്. അതിനാൽ ചെന്നൈയിൽ നിന്നു കൊല്ലത്തേക്കാണ് ഒരു ശബരിമല സ്പെഷൽ ആരംഭിക്കേണ്ടിയിരുന്നത്.എല്ലാ വ്യാഴാഴ്ചയും രാവിലെ 4.45 ന് എറണാകുളത്ത് നിന്ന് ആരംഭിച്ച് 10.30 ന് പുനലൂരിൽ എത്തുകയും തമിഴ്നാട്ടിലെ കാരക്കുടിയിൽ വൈകിട്ട് 7ന് എത്തുന്ന രീതിയിലാണ് സർവീസ്.
തിരികെ രാത്രി 11 ന് കാരക്കുടിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ രാവിലെ 7ന് പുനലൂർ എത്തുകയും 11ന് എറണാകുളത്ത് അവസാനിക്കുകയും ചെയ്യും. എന്നാൽ ഈ സർവീസ് കൊണ്ട് ശബരിമല ഭക്തർക്ക് പ്രയോജനം ലഭിക്കുന്നില്ല. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമമായ കാരക്കുടിയിലൂടെ സഞ്ചരിക്കുന്നതിനാൽ അയ്യപ്പഭക്തരുടെ തിരക്കു വളരെ കുറവാണ്.
കഴിഞ്ഞ സീസണിൽ താംബരത്ത് നിന്ന് എറണാകുളത്തേക്ക് ഓടിയ സ്പെഷൽ ട്രെയിൻ വൻ വിജയമായിരുന്നു. ഇപ്പോൾ ഓടുന്ന എറണാകുളം- വേളാങ്കണ്ണി ട്രെയിനിന്റെ ബോഗികൾ ഉപയോഗിച്ചാണ് ഈ അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചതിനുശേഷം പത്തിൽ താഴെ ബുക്കിങ് മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ശബരിമല സീസണിൽ ചെന്നൈ താംബരത്ത് നിന്ന് എറണാകുളത്തേക്കുള്ള സർവീസിൽ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തിരുന്നു.
ഈ സീസണിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുമെന്ന് കരുതി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു 9 കെഎസ്ആർടിസി ബസുകളാണു പമ്പയിലേക്കു സർവീസ് നടത്താൻ അനുവദിച്ചിരിക്കുന്നത്. പുനലൂരിലേക്ക് അനുവദിച്ച 9 ബസുകൾ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അയ്യപ്പ ഭക്തർ. പുനലൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമലയുടെ പുതിയ കവാടം എന്ന നിലയിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യാന്തര നിലവാരത്തിൽ പൂർത്തിയായ പുനലൂർ –മൂവാറ്റുപുഴ ഹൈവേ വഴി തമിഴ്നാട്ടിൽനിന്ന് എത്തുന്ന ഭക്തർക്ക് വളരെ എളുപ്പത്തിൽ ശബരിമല എത്താവുന്ന ഒരു മാർഗവുമാണ്.