ADVERTISEMENT

ചവറ ∙ മോഷണം പതിവായിട്ടും മോഷ്ടാക്കളെ കണ്ടെത്താനാകാതെ ചവറ പൊലീസ്. 2 പ്രധാന ക്ഷേത്രങ്ങളിലും 2 വീടുകളിലും കവർച്ച നടത്തിയതിനു പിന്നാലെ ഇന്നലെ വീണ്ടും ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്നു സ്വർണവും പണവും അപഹരിച്ചു. ചവറ പാലക്കടവ് പെരുമ്പള്ളി ജംക്‌ഷനു സമീപം ഗ്രീഷ്മം ബാബു വസന്തന്റെ വീട്ടിൽ ഒക്ടോബർ 1നു പുലർച്ചെ വീടു കുത്തിത്തുറന്ന് 37000 രൂപ കവർന്നിരുന്നു. ഇതിനു സമീപമാണ് ഇന്നലെ കവർച്ച നടന്നത്. ഒക്ടോബർ 14നു പന്മന കൊല്ലക കൈപ്പൂരത്തിൽ യോഹന്നാന്റെ വീട് കുത്തിത്തുറന്നു 50000 രൂപയും 9 ഗ്രാം സ്വർണാഭരണങ്ങളും അപഹരിച്ചിരുന്നു.

ആളില്ലാത്ത സമയത്തായിരുന്നു ഇവിടെയും മോഷണം. ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് യോഹന്നാനും കുടുംബവും ആശുപത്രിയിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സെപ്റ്റംബർ 11നു പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മേച്ചിൽ ഓട ഇളക്കി ഇറങ്ങിയ മോഷ്ടാക്കൾ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 50000 രൂപയോളം കവർന്നിരുന്നു. ഓഗസ്റ്റ് 3നു പുലർച്ചെ ചവറ നല്ലേഴുത്ത് ജംക്‌ഷൻ അരത്തകണ്ഠ ശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ശ്രീകോവിൽ, ഉപദേവതാ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് 50000ൽ അധികം രൂപയുടെ വിളക്കുകൾ കവർന്നു. 

ഓഗസ്റ്റിൽ ക്ഷേത്ര കവർച്ചയിൽ തുടങ്ങിയ മോഷണ പരമ്പര നവംബറിലും തുടരുകയാണ്. എന്നിട്ടും, പൊലീസ് ഇക്കാര്യത്തിൽ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ നാട്ടുകാരിൽ അമർഷം ഉയർന്നിട്ടുണ്ട്. അരത്തകണ്ഠ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മൂന്നംഗം സംഘത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടും അവരെയും കണ്ടെത്താനായില്ല. 4 മാസമായി തുടരുന്ന മോഷണത്തിനു തുമ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. ചവറ ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലത്തെ സംഭവത്തോടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ നഷ്ടമായത് 7 പവൻ സ്വർണവും 30000 രൂപയും
ചവറ ∙ ചവറ ബ്രിജ് മുക്കുത്തോട് ഗവ. യുപി സ്കൂളിനു സമീപം പടുവയിൽ വീട്ടിൽ നജീബിന്റെ വീട്ടിലാണു കവർച്ച നടന്നത്. മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ പൂട്ടിയിട്ടിരുന്ന കിടപ്പുമുറികളെല്ലാം തുറന്നു. അവിടെ ഉണ്ടാ‌യിരുന്ന അലമാരകളിൽ സൂക്ഷിച്ചിരുന്ന 30000 രൂപയും 7 പവൻ സ്വർണാഭരണങ്ങളും കവർന്നു. വിദേശത്തായിരുന്ന നജീബും കുടുംബവും നാട്ടിൽ വന്നു മടങ്ങിയിട്ടു ഒന്നരമാസമായി. നജീബിന്റെ മാതാവ് ഫാത്തിമ ബീവി ഇടയ്ക്കിടെ ഇവിടെ വന്നു വീടു നോക്കാറുണ്ട്.

പതിവുപോലെ 22നു വന്നിട്ട് ഇന്നലെ രാവിലെ 10ന്   വീണ്ടും എത്തിയപ്പോഴാണ് മുൻ വാതിൽ തുറന്ന നിലയിൽ കണ്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. രണ്ടു നില വീടിന്റെ മുഴുവൻ മുറികളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിദേശത്തുള്ള കുടുംബം നാട്ടിലെത്തി പരിശോധന നടത്തിയാലേ നഷ്ടപ്പെട്ട സാധനങ്ങളുടെ കൃത്യമായ വിവരം ലഭിക്കൂ. വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി തെളിവെടുപ്പു നടത്തി. അടഞ്ഞു കിടക്കുന്ന വീടാണെന്നു മനസ്സിലാക്കി മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

ഇരുമ്പ് സ്റ്റാൻഡ്  കവർന്നു വിറ്റ 2 പേർ പിടിയിൽ
ശാസ്താംകോട്ട ∙ കടയുടെ മുന്നിലിരുന്ന ഇരുമ്പ് സ്റ്റാൻഡ് കവർന്ന് ആക്രിക്കടയിൽ വിറ്റ കേസിൽ 2 പേർ പൊലീസ് പിടിയിലായി. ശാസ്താംകോട്ട മുതുപിലാക്കാട് വഞ്ചിമുക്ക് ഗീതാ ഭവനം ഹരികുമാർ (49), പോരുവഴി കമ്പലടി സ്കൂളിനു സമീപം മുല്ലശേരിൽ ജാഫർ (43) എന്നിവരാണ് അറസ്റ്റിലായത്. മുതുപിലാക്കാട് വഞ്ചിമുക്കിലെ കടയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5നാണു സംഭവം. സിനിമാപറമ്പിലുള്ള ആക്രിക്കടയിൽ നിന്നു ബോർഡ് കണ്ടെടുത്തതായി സിഐ കെ.ശ്രീജിത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com