ADVERTISEMENT

കൊല്ലം ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടെന്നു സൂചന. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടിൽ ‘2 ആന്റിമാർ’ ഉണ്ടായിരുന്നെന്നാണു കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീക്ക് ഓയൂർ സംഭവത്തിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കി. ഗവ. വിക്ടോറിയ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. മാതാപിതാക്കളും സഹോദരനും കുട്ടിക്കൊപ്പമുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂരിലെ മൊബൈൽ ടവർ പരിധിയിൽ വന്ന പതിനായിരക്കണക്കിനു കോളുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ 6 മാസത്തെ കോളുകളാണു പൊലീസ് പരിശോധിക്കുന്നത്. അന്വേഷണത്തിന്‌ ഇരുനൂറോളം പേരുള്ള പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയ ശേഷം എആർ ക്യാംപിലേക്കു മാറ്റിയത് പൊലീസിന്റെ ഗുരുതര വീഴ്ചയെന്ന് ആരോപണം.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യപരിശോധന നടത്തുകയും കൗൺസലിങ് നൽകുകയുമാണു വേണ്ടിയിരുന്നതെന്നു വിദഗ്ധർ പറയുന്നു. കുട്ടിയെ നാലര മണിക്കൂറോളം എആർ ക്യാംപിൽ ഇരുത്തി. ഇവിടേക്കു മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ലെങ്കിലും ജനപ്രതിനിധികൾ മുതൽ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളെ വരെ കടത്തിവിട്ടു. ജനപ്രതിനിധികൾ വരെ കുട്ടിയുമായി ചേർന്നുനിന്നു പടമെടുത്ത് ഫെയ്സ്ബുക്കിലിട്ടു. വൈകിട്ട് 6.15ന് ആണു കുട്ടിയെ ഗവ. ആശുപത്രിയിലേക്കു മാറ്റിയത്.

12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി
വാളകം (കൊല്ലം) ∙ ട്യൂഷനു പോകാൻ റോഡിലൂടെ നടന്നു പോയ 12 വയസ്സുകാരിയെ വാനിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ബലമായി വാനിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയതായും കുട്ടി പറയുന്നു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിലും ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങൾ നല്ല പങ്കാണു വഹിച്ചത്. അതേസമയം, ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ വേണമെന്ന സ്വയം വിമർശനമുണ്ടാകേണ്ടതുണ്ട്. 

കുട്ടിയെ എആർ ക്യാംപിലേക്ക് മാറ്റിയത് വീഴ്ച
കൊല്ലം ∙ തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയ ശേഷം എആർ ക്യാംപിലേക്ക് മാറ്റിയത് പൊലീസിന്റെ ഗുരുതര വീഴ്ച എന്ന് ആരോപണം. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ പരിശോധന നടത്തുകയും കൗൺസലിങ് നൽകുകയും ആണു വേണ്ടിയിരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തട്ടിക്കൊണ്ടു പോയവർ കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കാതെയാണ് നാലര മണിക്കൂറോളം എആർ ക്യാംപിൽ ഇരുത്തിയത്. ആശ്രാമത്ത് കണ്ടെത്തുമ്പോൾ തന്നെ കുട്ടി ക്ഷീണിത ആയിരുന്നു.

എആർ ക്യാംപിൽ എത്തിച്ച് ഏറെക്കഴിഞ്ഞാണ് ഗവ. വിക്ടോറിയ ആശുപത്രിയിൽ നിന്നു ഡോക്ടർമാരെ വരുത്തി കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ചത്. എആർ ക്യാംപിൽ മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചില്ല എങ്കിലും ജനപ്രതിനിധികൾ മുതൽ സിപിഎം– ഡിവൈഎഫ്ഐ നേതാക്കളെ വരെ കടത്തിവിട്ടു. ജനപ്രതിനിധികൾ ഉൾപ്പെടെ പലരും കുട്ടിയുമായി ചേർന്നു നിന്നു പടം എടുത്തു ഫെയ്സ്ബുക്കിലിട്ടു.

പൊലീസും അവരുടെ ഫെയ്സ് ബുക്ക് പേജിൽ കുട്ടിയുടെ പടം പ്രസിദ്ധീകരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇതെല്ലാം. കാണികളുടെ തിരക്ക് ഒഴി‍ഞ്ഞ ശേഷം വൈകിട്ട് 6.15നാണ് കുട്ടിയെ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. എഡിജിപി മനോജ് എബ്രഹാം മാധ്യമപ്രവർത്തകരുമായി സംസാരിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

അന്വേഷണത്തിന് പ്രത്യേക സംഘം
അന്വേഷണത്തിന്‌ സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കം ഇരുന്നൂറോളം പേരുള്ള പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിച്ചു. 13 സ്‌ക്വാഡുകളാണ് ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ രംഗത്തുള്ളത്. ജില്ലയിലെ ഡിവൈഎസ്പിമാരും എസിപിമാരും സംഘത്തിലുണ്ട്. പുറമേ 8 സിഐമാരും. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിഐജിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

ഫോൺകോൾ പരിശോധന
തിരുവനന്തപുരം ∙ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂരിലെ മൊബൈൽ ടവർ പരിധിയിൽ വന്ന പതിനായിരക്കണക്കിനു കോളുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. നേരത്തേയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഇവിടെ കാർ വന്നിരുന്നുവെന്നു പറഞ്ഞ ദിവസത്തെ കോളുകളും പരിശോധിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം കഴിഞ്ഞ 6 മാസത്തെ കോളുകളാണു പൊലീസ് പരിശോധിക്കുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലോ പറമ്പുകളിലോ കിടപ്പുണ്ടോയെന്നും പൊലീസ് തിരയുന്നു.

കാറിന് നമ്പർ പ്ലേറ്റ് നിർമിച്ചവരെ തേടുന്നു
കൊട്ടാരക്കര∙ കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകിയവരെ തേടി കൊല്ലം റൂറൽ ജില്ല പൊലീസ്. കെഎൽ 04-എഎഫ് 3239 നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം. വ്യാജ നമ്പർ പതിച്ച മാരുതി സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥാപനങ്ങൾ 9497980211 ഫോണിൽ ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിച്ചു.

രാത്രി തങ്ങിയത് കൊല്ലം നഗരത്തിലോ ?
കൊല്ലം ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം രാത്രി തങ്ങിയത് കൊല്ലം നഗരത്തോടു ചേർന്നെന്നു വിവരം. തിങ്കൾ വൈകിട്ട് കുട്ടിയെ തട്ടിയെടുത്തു സന്ധ്യയോടെ ദേശീയപാതയിലൂടെ കൊല്ലം നഗരത്തിലേക്കു കടന്നുവെന്നാണു ലഭ്യമാകുന്ന വിവരം. നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള വീട്ടിലാകാം തങ്ങിയതെന്നാണ് സംശയം. കുട്ടിയെ തട്ടിയെടുത്ത ഓയൂരിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പകൽക്കുറിയിൽ നിന്ന് വേളമാനൂർ, കല്ലുവാതുക്കൽ, ചിറക്കര, ഉളിയനാട് തേമ്പ്ര വഴി 6.20 ന് കോതേരി ജംക്‌ഷന് സമീപം എത്തിയ കാർ 6.21ന് കോതേരി ജംക്‌ഷനിൽ നിന്നു ദേശീയപാതയിലേക്കുള്ള ചാത്തന്നൂർ റോഡിലേക്ക് തിരിയുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

കോതേരി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീനഗർ ജംക്‌ഷനിൽ ഒരു മണിക്കൂർ കഴിഞ്ഞാണ് സ്വിഫ്റ്റ് കാർ എത്തിയത്. പിന്നീട് കെഎസ്ആർടിസി ഡിപ്പോ റോഡിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനിടയിൽ ഒരു യുവാവ് രണ്ടു തവണ ബൈക്കിൽ കോതേരി ഭാഗത്ത് നിന്നു ശ്രീനഗർ ജംക്‌ഷൻ വരെ എത്തുകയും മടങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. ആദ്യ തവണ ശ്രീനഗർ ജംക്‌ഷനിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ കോൾ വരുകയും ഇതി‍ൽ സംസാരിച്ച ശേഷം മടങ്ങിപ്പോവുകയും ആയിരുന്നു.

ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലൂടെ ദേശീയപാതയിൽ കയറിയ സംഘം കൊല്ലത്ത് എത്തിയിരിക്കാനാണ് സാധ്യത. റോഡ് വികസനം നടക്കുന്നതിനാൽ ദേശീയപാതയിൽ സിസി ടിവികൾ പ്രവർത്തിക്കുന്നില്ല. നഗരത്തിലെ വീട്ടിൽ കുട്ടിയെ ഒളിപ്പിച്ച സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് കുട്ടിയെ കൊണ്ടുവന്നു ആശ്രാമത്ത് ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നു. കുട്ടിയുമായി യുവതി വന്നുവെന്നു പറയുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ ലിങ്ക് റോഡിലെ സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകുന്നതു പൊലീസ് കർശനമായി വിലക്കുകയും ചെയ്തു.

English Summary:

Missing 6-year-old girl abducted from Kollam found by police after 20 hours of search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com