ADVERTISEMENT

പത്തനാപുരം ∙ രാത്രിയിൽ വെളിച്ചമില്ല, മുന്നറിയിപ്പു ബോർഡില്ല; ഹൈമാസ്റ്റ് ലൈറ്റിനു വേണ്ടി സ്ഥാപിച്ച അടിത്തറയിൽ ശബരിമല തീർഥാടകരുടെ ബസ് ഇടിച്ചു കയറി. പത്തനാപുരം സെൻട്രൽ ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അടിത്തറയിലാണു വാഹനം ഇടിച്ചത്. മുകളിലേക്കു നാട്ടിയിരുന്ന കമ്പി ഒടിഞ്ഞു മാറിയ അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.  കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.  നേരത്തേ സെൻട്രൽ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയിരുന്നു. 

ഇത് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടിത്തറ കെട്ടിയത്. ഇവിടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ താൽക്കാലിക തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുകയോ ചെയ്തിരുന്നില്ല. റോഡ് നവീകരിച്ചതോടെ രാത്രി കാലങ്ങളിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ എത്തുന്നത്. അടുത്തെത്തുമ്പോൾ മാത്രമാണ് റോഡിനു നടുവിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ അടിത്തറ ഉയർന്നു നിൽക്കുന്നതു കാണുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാലും അപകടം ഉറപ്പാണ്. തീർഥാടന കാലം തുടങ്ങിയതോടെ രാത്രിയിലും റോഡ് നിറയെ വാഹനങ്ങളാണ്. പ്രദേശവുമായി മുൻപരിചയമില്ലാത്തവരാണ് ഡ്രൈവർമാരിൽ കൂടുതലും.

ശബരിമല തീർഥാടനകാലത്തിനു മുൻപേ ടൗൺ ഭാഗത്ത് തെരുവു വിളക്കുകൾ പ്രകാശിപ്പിക്കണം എന്നും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നും താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചിരുന്നു, പക്ഷേ ഇതു നടന്നില്ല. ഹൈമാസ്റ്റ് ലൈറ്റിന്റെ അടിത്തറയിൽ ബസ് ഇടിച്ച ശേഷം പ്രതിഷേധം ഉയർന്നതിനെ തുടർന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. റോഡിൽ പലയിടത്തും ഇത്തരത്തിൽ നവീകരണത്തിന്റെ ഭാഗമായി കുഴികളോ മറ്റു തടസ്സങ്ങളോ ഉണ്ട്. ഇത് നീക്കുകയോ ബോർഡുകൾ സഥാപിക്കുകയോ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com