ADVERTISEMENT

തേവലക്കര ∙ സന്നിധാനത്തെത്തി അയ്യപ്പവേഷം കെട്ടിയ അഞ്ചുവയസ്സുള്ള കന്നിക്കെട്ടുകാരൻ ഭക്തരുടെ മനം കവർന്നു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി കേന്ദ്രം സന്നിധാനത്തു നടത്തിയ മണികണ്ഠ ചരിതം കഥകളിയിലാണ് അഞ്ചുവയസ്സുകാരൻ അദ്വൈത് പ്രശാന്ത് അയ്യപ്പ വേഷത്തിലെത്തിയത്. പിതാവായ കലാമണ്ഡലം പ്രശാന്തിന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയാണ് അദ്വൈത്. മഹിഷി മർദകനായ മണികണ്ഠ വേഷത്തിൽ പിതാവും മാളികപ്പുറമായി സഹോദരൻ അഭിജിത് പ്രശാന്തും അരങ്ങിലെത്തി. വേഷത്തിൽ തന്നെ അയ്യപ്പനു മുന്നിൽ ദർശനം നടത്തിയാണ് അദ്വൈത് കന്നിമല ചവിട്ടി ഇറങ്ങിയത്. പന്തളം രാജാവിനു പമ്പാ തീരത്തു നിന്നു മണികണ്ഠനെ ലഭിക്കുന്നതു മുതൽ ശബരിമല ധർമശാസ്താവായി പ്രതിഷ്ഠാ രൂപത്തിൽ എത്തുന്നതുവരെ ഉള്ള കഥാഭാഗമാണ് കഥകളിയായി അരങ്ങിലെത്തിയത്. പരവൂർ സ്വദേശി ബിജു വനമാലിയാണ് മണികണ്ഠ ചരിതം എഴുതി ചിട്ടപ്പെടുത്തിയത്. പന്തളം രാജാവായി കലാമണ്ഡലം ബാലകൃഷ്ണൻ, വൈദ്യരായി കലാമണ്ഡലം അനിൽകുമാർ, റാണിയായി കലാമണ്ഡലം വിശാഖ്, മഹിഷിയായി കലാമണ്ഡലം പാർഥൻ, വാവരായി കലാമണ്ഡലം ഹരിമോഹൻ, പരശുരാമനായി പന്മന രാജശേഖർ, പുലിയായി കലാമണ്ഡലം അഭിജിത് എന്നിവർ രംഗത്തെത്തി.

കലാമണ്ഡലം യശ്വന്ത് വിനീഷ്, ജീവൻ എന്നിവർ സംഗീതത്തിലും കലാമണ്ഡലം രാധാകൃഷ്ണൻ, കലാഭാരതി സുമേഷ്, കലാമണ്ഡലം ശ്രീഹരി എന്നിവർ ചെണ്ടയിലും കലാമണ്ഡലം അജി കൃഷ്ണൻ, ദീപക് എന്നിവർ മദ്ദളത്തിലും രംഗത്തെത്തി. ചിങ്ങോലി പുരുഷോത്തമനാണ് ചുട്ടി. രാജൻ പിള്ള, വാസുദേവൻ പിള്ള, അശോകൻ, പ്രഭാകരൻ ഉണ്ണിത്താൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. ശ്രീകൃഷ്ണവിലാസം കഥകളിയോഗമാണു ചമയം ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com