‘മര്യാദയ്ക്ക് സംസാരിക്കണം’; വെളള കാറിൽ വന്നവർ ഇങ്ങനെ പറഞ്ഞെന്ന് സുരക്ഷാ ജീവനക്കാരൻ
Mail This Article
കൊല്ലം∙ തട്ടിക്കൊണ്ടു പോയ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ദിവസം എതിർവശത്തുള്ള ക്വാർട്ടേഴ്സിൽ രാവിലെ എത്തിയ 2 പേരെക്കുറിച്ചു സംശയം ഉയരുന്നു. രാവിലെ 8.15നാണു 2 പേർ ഇൻകം ടാക്സ് ജീവനക്കാരുടെ ക്വാർട്ടേഴ്സിനു മുന്നിൽ വെള്ള നിറത്തിലുള്ള കാറിൽ എത്തിയതെന്നു സുരക്ഷാ ജീവനക്കാരൻ എം.ഗോപാലകൃഷ്ണൻ പറഞ്ഞു.
കടപ്പാക്കട– ആശ്രാമം നാലുവരി പാതയുടെ ഭാഗത്തു നിന്നാണ് വന്നത്. സർവേയ്ക്ക് വേണ്ടി ക്വാർട്ടേഴ്സിന്റെ മുകൾ നിലയിൽ കയറണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഓഫിസിൽ നിന്നുള്ള അനുമതി ഇല്ലാതെ ക്വാർട്ടേഴ്സിൽ കയറാൻ അനുവദിക്കില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ക്വാർട്ടേഴ്സിൽ നേരത്തെ താമസിച്ചിരുന്ന ഉദ്യോഗസ്ഥനായ തമ്പി എത്തുകയും കയറാൻ അനുവദിക്കില്ലെന്നു പറയുകയും ചെയ്തതോടെ ഇവർ മടങ്ങാനൊരുങ്ങി.
മര്യാദയ്ക്കു സംസാരിക്കണം എന്നു സുരക്ഷാ ജീവനക്കാരനോടു പരുഷമായി പറഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്. വാഹനം ഓടിച്ചിരുന്ന ആളാണ് ഇറങ്ങി വന്നു ക്വാർട്ടേഴ്സിന്റെ മുകൾ നിലയിൽ കയറണമെന്നു പറഞ്ഞത്. 25 വയസ്സ് തോന്നിക്കും. മുടി വളർത്തിയിട്ടുണ്ട്. പാന്റും ഷർട്ടുമാണ് വേഷം. ഉറക്കം ഒഴിഞ്ഞതിന്റെ ലക്ഷണം ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആളിനെ ശ്രദ്ധിച്ചില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.