ADVERTISEMENT

കൊല്ലം ∙ തട്ടിയെടുക്കപ്പെട്ട കുഞ്ഞുമായി കൊല്ലത്ത് ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് ഓട്ടോയിൽ വന്നിറങ്ങിയ യുവതി, കുട്ടിയെ ഒക്കത്ത് ഇരുത്തി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഓട്ടോയിൽ നിന്നിറങ്ങിയ ശേഷം മൈതാനത്തേക്ക് കയറി നടപ്പാതയിലൂടെ 30 അടിയോളം അകലെയുള്ള ഇരിപ്പിടത്തിലേക്കാണു കൊണ്ടുപോയത്. ഉച്ചയ്ക്ക് 1.14ന് ആണ് യുവതിയും കുട്ടിയും ഓട്ടോയിൽ ആശ്രാമത്തെ ബിയർ പാർലറിനു മുന്നിൽ എത്തിയത്.

ആദ്യം ഓട്ടോറിക്ഷ നിർത്തിയശേഷം വീണ്ടും മുന്നോട്ട് എടുത്തു. മൈതാനത്തിന്റെ കിഴക്കുവശത്തുള്ള പ്രവേശന കവാടത്തിന്റെ നേർക്ക് ഓട്ടോ നിറുത്തി. അവിടെ നിന്നാണ് കുട്ടിയെ ഒക്കത്തിരുത്തി ഇരിപ്പിടത്തിലേക്ക് പോയത്. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ രേഖാചിത്രം വരച്ചത്. സംഘത്തിലുള്ള ആളുടെ രേഖാ ചിത്രം വരച്ച ദമ്പതികൾ ഗവ. വിക്ടോറിയ ആശുപത്രിയിൽ എത്തിയാണ് 2 യുവതികൾ ഉൾപ്പെടെ 3 പേരുടെ ചിത്രം വരച്ചത്. യുവതിയുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞു.

5 സംശയങ്ങൾ
∙ മഞ്ഞ ചുരീദാർ ധരിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ചു നടന്നു നീങ്ങുന്നത് ആശ്രാമം മൈതാനത്തുണ്ടായിരുന്നവർ കണ്ടു. നിമിഷങ്ങൾക്കകം പൊലീസും അവിടെ എത്തി. എന്നിട്ടും യുവതിയെ പിടികൂടാൻ സമീപ പ്രദേശങ്ങളിലെ റോഡുകൾ അടച്ചു പരിശോധന നടത്താൻ എന്തുകൊണ്ട് പൊലീസ് തയാറായില്ല. ?

∙ എപ്പോഴും ആൾത്തിരക്കുള്ള ആശ്രാമം ൈമതാനത്ത് കുട്ടിയുമായി യുവതി ഓട്ടോറിക്ഷ ഇറങ്ങുമ്പോൾ പ്രദേശത്തു മഫ്തിയിൽ ഉൾപ്പെടെ പൊലീസ് ഉണ്ടായിരുന്നു. 2 ജീപ്പുകളിലായി പൊലിസ് സംഘവും അകലെയല്ലാതെ ഉണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ കിട്ടും എന്ന അഭ്യൂഹം ചില പൊലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ പുറത്തുവന്നു ?

∙ കുട്ടിയെ കാണാതായതിന്റെ അടുത്ത പുലർച്ചെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ചന്ദനത്തോപ്പിൽ താമസിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയുമായിട്ടു സാമ്യമുള്ള രേഖാചിത്രമായിരുന്നു ഇത്. തനിക്ക് പങ്കില്ലെന്നു കാട്ടി ഇയാൾ പിന്നീട് രംഗത്തുവന്നു. പിന്നാലെ മറ്റൊരു പുരുഷന്റെ രേഖാചിത്രം കൂടി പുറത്തു വിട്ടു. ഒരു പകലും രാത്രിയും കുട്ടിക്കൊപ്പം കഴിഞ്ഞ സ്ത്രീയുടെ രേഖാചിത്രം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കി പുറത്തുവിടാൻ എന്തുകൊണ്ടു വൈകി ? ഇന്നലെ മാത്രമാണ് 2 സ്ത്രീകളുടെ രേഖാചിത്രം പുറത്തുവിട്ടത്. നേരത്തെ തയാറാക്കിയ രേഖാചിത്രം നല്ലില പുലിയിലയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നു പറയുന്ന യുവതിയുടേതായിരുന്നു.

∙ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം കുട്ടിയുമായി എത്തിയ യുവതി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ ആശ്രാമം മൈതാനത്തേക്കു വന്നുവെന്നാണു സിസി ടിവി ദൃശ്യങ്ങൾ. നഗരമധ്യത്തിലെ ബസ് സ്റ്റാൻഡ് വരെ എങ്ങനെ എത്തി ?

∙ പ്രതികളെന്നു സംശയിക്കുന്ന യുവതിയും പുരുഷനും പാരിപ്പള്ളി കിഴക്കനേല ഭാഗത്ത് സംഭവദിവസം രാത്രി ഏഴരയോടെ വന്നു. അവിടെ കടയിൽ കയറി കടയുടമയായ സ്ത്രീയുടെ ഫോൺ വാങ്ങി കുട്ടിയുടെ അമ്മയെ വിളിക്കുകയും ചെയ്തു. അവിടെ നിന്ന് ഓട്ടോറിക്ഷയിലാണു മടങ്ങിയത്. ഈ ഓട്ടോറിക്ഷ ആരുടേത് ? ഇതിനും പൊലീസിന് ഉത്തരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com