അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ മകനെ വിട്ടയച്ചു
Mail This Article
കൊട്ടാരക്കര ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കുറ്റപത്രം നൽകിയ കേസിൽ മകനെ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം അഞ്ചാം അഡീഷനൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരനാണു വിധി പറഞ്ഞത്. കലയപുരം പെരുങ്കുളം ചെറുകോട്ടു മഠത്തിൽ ശാന്താദേവി അന്തർജനം (68) ആണ് 2018 ഏപ്രിൽ 14നു രാവിലെ 7.30നു വീട്ടിലെ ഹാളിൽ കൊല്ലപ്പെട്ടത്. മകനായ അശോക് കുമാർ (പൊടിക്കുട്ടൻ – 52) ആയിരുന്നു പ്രതി. മാനസിക വെല്ലുവിളിയുള്ള പ്രതി ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതിനെത്തുടർന്നു പിതാവ് നാരായണൻ പോറ്റി കൊട്ടാരക്കര പൊലീസിന്റെ സഹായം തേടിയിരുന്നു.
പൊലീസിനെ കണ്ട് അക്രമാസക്തൻ ആകുകയും ശാന്താദേവിയുടെ കഴുത്തിൽ വെട്ടുകത്തി വച്ചു പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു പിതാവ് പൊലീസിനെ തിരിച്ചയച്ചു. പിന്നീട് അനുനയിപ്പിക്കാൻ ശ്രമിക്കവേ കസേരയിലിരുത്തി അമ്മയുടെ കഴുത്തിനു പിന്നിൽ പലതവണ വെട്ടി കൊലപ്പെടുത്തി എന്നാണു ദൃക്സാക്ഷിയായ പിതാവ് പൊലീസിനോട് പറഞ്ഞത്. കേസിൽ ദൃക്സാക്ഷി ആയിരുന്ന അയൽവാസി കൂറുമാറി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 6 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും ആയുധം ഉൾപ്പെടെ 7 തൊണ്ടികളും ഹാജരാക്കി. പ്രതിക്കെതിരെ ഉള്ള ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിക്കായി അഡ്വ. കല്ലൂർ കൈലാസ് നാഥ് കോടതിയിൽ ഹാജരായി.