ADVERTISEMENT

പുനലൂർ ∙ ദേശീയ കായികതാരവും മെഡൽ ജേതാവും തിരുവനന്തപുരം എസ്എപി (സ്പെഷൽ ആംഡ് പൊലീസ്) ക്യാംപിൽ ഹവിൽദാറുമായ ഓംകാർനാഥ് (25) ബൈക്ക് അപകടത്തിൽ മരിച്ചു. പുനലൂർ തൊളിക്കോട് മുളന്തടത്തിൽ ഓംകാരം നിവാസിൽ രവീന്ദ്രനാഥ്–മിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം രാത്രി കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിനു സമീപം വാളക്കോട്ട് ആയിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്ലാച്ചേരി സ്വദേശി അമലിനെ ഗുരുതരപരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഓംകാർനാഥ് തൽക്ഷണം മരിച്ചു. സുഹൃത്തിനെ പ്ലാച്ചേരിയിലെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു കഴിഞ്ഞ ദിവസമാണ് ഓംകാർനാഥ് വീട്ടിൽ എത്തിയത്.

ദേശീയ പൊലീസ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ പ്രതീക്ഷയായിരുന്നു ഓംകാർനാഥ്. സ്കൂൾ പഠനകാലം മുതൽ കായിക ഇനങ്ങളിൽ ദേശീയ മത്സരങ്ങളിലടക്കം മികവു പുലർത്തി. ലോങ്ജംപിലും 100 മീറ്റർ ഓട്ടത്തിലും റിലേയിലും ആണ് ഓംകാർ മുന്നിട്ടു നിന്നത്. 5 തവണ ദേശീയ സ്കൂൾ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. 100 മീറ്ററിൽ സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിലും ദേശീയ ഗെയിംസിലും (റെക്കോർഡ്) സ്വർണം നേടി. അന്തർ സംസ്ഥാന യൂണിവേഴ്സിറ്റി മത്സരത്തിൽ എംജി സർവകലാശാലയ്ക്കായി റിലേയിൽ വെള്ളിയും 100 മീറ്ററിനു വെങ്കലവും നേടി. പിജിക്കു പഠിക്കുമ്പോഴാണു കായിക മികവിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പൊലീസിൽ ഹവിൽദാറായി നിയമനം ലഭിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മുളന്തടത്തെ വീട്ടിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. വൈകിട്ട് പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾക്കു ശേഷം സംസ്കരിച്ചു.  സഹോദരി: പൂജ (ജർമനി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com