ADVERTISEMENT

കൊല്ലം ∙ കുട്ടിയെ അന്നു രാത്രി പ്രതികൾ താമസിപ്പിച്ച വീട് ഏത് ? പിടിയിലായ പത്മകുമാറിൽ നിന്ന് ഇതിനുള്ള ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇരുനില വീട്ടിലാണു രാത്രി താമസിപ്പിച്ചതെന്നും അവിടെ വച്ചു പൊറോട്ടയും ചിക്കനും കഴിക്കാൻ തന്നുവെന്നും കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. രാത്രി കരഞ്ഞപ്പോൾ ലാപ്ടോപ്പിൽ കാർട്ടൂൺ കഥകൾ കാണിച്ചുകൊടുത്തുവെന്നും വെളിപ്പെടുത്തിയിരുന്നു.

ഏത് ഐപി അഡ്രസിൽ നിന്നാണു കാർട്ടൂൺ കഥകൾ തിരഞ്ഞതെന്നു പൊലീസ് പരതിയെങ്കിലും വ്യക്തമായ വിവരം കിട്ടിയിരുന്നില്ല. പിറ്റേന്നു നീലക്കാറിൽ കൊണ്ടുപോയി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഇറക്കിയെന്നും കുട്ടി മൊഴി നൽകിയിരുന്നു. കുട്ടിയെ താമസിപ്പിച്ചിരുന്ന വീടിനുള്ളിലെ സ്റ്റെയർകെയ്സിനു താഴെ വളർത്തുനായയെ ചങ്ങല  ഉപയോഗിച്ചു കെട്ടിയിട്ടിരുന്നു. ഈ വീട്ടിൽ രണ്ട് ആന്റിമാർ ഉണ്ടായിരുന്നുവെന്നും കുട്ടി മൊഴി നൽകിയിരുന്നു. പത്മകുമാറിന്റെ വീട്ടിലാണോ താമസിപ്പിച്ചതെന്നു ചോദ്യംചെയ്യലിലേ വ്യക്തമാകൂ.

ജീർണിച്ച വീട്, ഉപയോഗിക്കാത്ത കാർ;  ഫാം ഹൗസിലും നിഗൂഢത

∙ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ  നമ്പർ പ്ലേറ്റ് ഇവിടെ നിന്നു കണ്ടെടുത്തു

കൊല്ലം ∙ മൂന്നരയേക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കൃഷിത്തോട്ടത്തിലും നിറഞ്ഞു നിൽക്കുന്നതു നിഗൂഢതകൾ. ഓടിളകി ജീർണിക്കാറായ ചെറിയൊരു വീട്, ഉപയോഗിക്കാതെ കിടക്കുന്ന കാർ, കെട്ടിയിട്ടിരിക്കുന്ന നായ്ക്കൾ. പതിവു തെറ്റാതെ എന്നും പത്മകുമാർ ഇവിടെ വന്നു പോയിരുന്നു.  വ്യാഴാഴ്ച് ഉച്ചയ്ക്ക് ഒരു മണി കഴിയുന്നതു വരെ പത്മകുമാറും ഭാര്യയും മകളും ചിറക്കര ഗ്രാമപഞ്ചായത്തിൽപ്പെട്ട പോളച്ചിറ തെങ്ങുവിളയിലെ ഫാമിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും വരാമെന്നു പറഞ്ഞു ജോലിക്കാരി ഷീബയ്ക്ക് ടാറ്റാ പറഞ്ഞാണ് പോയത്. 

ഫാം ഹൗസിലെ ജോലിക്കാരി ഷീബ
ഫാം ഹൗസിലെ ജോലിക്കാരി ഷീബ

ഇന്നലെ 12.30നു ഷീബയെ ഫോണിൽ വിളിച്ചു. തമിഴ്നാട്ടിൽ നിൽക്കുകയാണെന്നും എന്തെങ്കിലും വിശേഷം ഉണ്ടോയെന്നും അന്വേഷിച്ചു. പ്രത്യേകിച്ച് ഒന്നുമില്ലെന്നും വരുമ്പോൾ മാങ്ങയും നെല്ലിക്കയും കൊണ്ടുവരണേ എന്നും ഷീബ പറഞ്ഞെങ്കിലും പെട്ടെന്നു ഫോൺ കട്ടായി. ഫാമിൽ ഇന്നലെ സന്ധ്യയ്ക്കു പൊലീസ് പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഇവിടെ നിന്നു കണ്ടെടുത്തു. ജോലിക്കാരി ഷീബയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. 

രണ്ടു ദിവസം മുൻപുതന്നെ നാട് വിട്ടു പോകാനുള്ള ഒരുക്കം പത്മകുമാർ നടത്തിയിരുന്നു. വീട്ടിൽ വളർത്തിയിരുന്ന 9 നായ്ക്കളെ ഫാമിലേക്കു മാറ്റുകയും ചെയ്തു.  ഫാമിൽ വേറെ 6 നായ്ക്കൾ ഉണ്ട്.  ഗ്രാമപഞ്ചായത്തിൽ നിന്നു പരിശോധനയ്ക്ക് വരുന്നതിനാൽ നായ്ക്കളെ ഫാമിലേക്ക് മാറ്റുന്നു എന്നാണ് പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞ് തിരികെ കൊണ്ടു പോകുമെന്നും ജോലിക്കാരിയോടു പറഞ്ഞു.

ചാത്തന്നൂർ‌ ചിറക്കര പോളച്ചിറ തെങ്ങുവിളയിലെ പത്മകുമാറിന്റെ ഫാം ഹൗസിലെ വീടുകൾ.
ചാത്തന്നൂർ‌ ചിറക്കര പോളച്ചിറ തെങ്ങുവിളയിലെ പത്മകുമാറിന്റെ ഫാം ഹൗസിലെ വീടുകൾ.

നീലക്കാറിൽ 2 നായ്ക്കളെ വീതം പത്മകുമാർ ആണ് ഫാമിൽ കൊണ്ടുവന്നത്. വ്യാഴാഴ്ച കുടുംബസമേതം വന്ന ഇവർ ഏറെ നേരം ഇവിടെ ചെലവഴിച്ച ശേഷമാണ് ഉച്ചയ്ക്ക് മടങ്ങിയത്. ഇതിനിടെ പഴയ സാധനങ്ങൾ എന്തൊക്കെയോ ഇവിടെയിട്ടു കത്തിക്കുകയും ചെയ്തു. ഇന്നലെ ഇവിടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഉപയോഗിക്കാതെ കിടക്കുന്ന കാർ കണ്ടെത്തിയത്. ഫാമിൽ 2 പശുക്കളും കുട്ടികളുമായി 6 മാടുകൾ ഉണ്ട്. നാടൻ പശുക്കളാണ്. പശുവിന്റെ പാൽ കറക്കാറില്ല. അതിന്റെ കുട്ടികൾ കുടിക്കുകയാണ് പതിവ്. റംബുട്ടൻ, മാവ് തുടങ്ങിയവയാണ് ഫാമിൽ. ഏതാനും വർഷം മുൻപാണ് വസ്തു വാങ്ങിയത്. 

കംപ്യൂട്ടർ എൻജിനീയറിങ്ങിൽ റാങ്ക്;  മത്സ്യസ്റ്റാളും ബേക്കറിയും ബിസിനസ്

ചാത്തന്നൂർ ∙ നിഗൂഢതകൾ നിറ‍ഞ്ഞു ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തു പത്മകുമാറിന്റെ വീട്. സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില അംഗമായ പത്മകുമാർ, ബഹുനില വീട്ടിലായിരുന്നു താമസം. വലിയ ചുറ്റുമതിലും കാറുകളും വീട്ടിനുള്ളിൽ ഒന്നിലേറെ നായ്ക്കളും. പരിസരവാസികളുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു കംപ്യൂട്ടർ വിദഗ്ധനായ പത്മകുമാറിന്റെ ജീവിതം. എന്നാൽ കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ പത്മകുമാറാണെന്നു നാട്ടുകാർക്കു വിശ്വസിക്കാനാകുന്നില്ല.

മൂന്നു പതിറ്റാണ്ടു മുൻപു പ്രമുഖ എൻജിനീയറിങ് കോളജിൽ നിന്നു റാങ്കോടെ കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. ഒട്ടേറെ യുവാക്കൾക്കു ജോലി നൽകി. കേബിൾ ടിവി നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ പൂർണമായി വിറ്റൊഴി‍ഞ്ഞു.

പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി. ബേക്കറി ഇന്നലെയും പതിവുപോലെ പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്കാണ് ഇതിന്റെ നിയന്ത്രണം. രാത്രിയിലോ മറ്റോ അപൂർവമായാണു പത്മകുമാർ കടയിൽ വരുന്നത്.

എന്നാൽ ഭാര്യയുമായി ദിവസവും പോളച്ചിറ ഫാമിൽ പോകുമായിരുന്നു. വ്യാഴം രാവിലെ പത്തോടെയാണു പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും വീട്ടിൽ നിന്നു കാറിൽ പുറത്തേക്കു പോകുന്നത്. ഇത് അയൽവാസികൾ കണ്ടിരുന്നു. പത്മകുമാറിന്റെ മാതാവ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടറായ പിതാവിന്റെ മരണശേഷമാണു മാതാവിനു ജോലി ലഭിക്കുന്നത്. മാതാവ് ഏതാനും മാസം മുൻപു മരിച്ചു. പത്മ കുമാറിന്റെ ഏക സഹോദരൻ വളരെ മുൻപു തന്നെ മരിച്ചിരുന്നു.

കൊലപാതക കേസ്  പ്രതികളുമായുള്ള ബന്ധവും അന്വേഷിക്കും

കൊല്ലം ∙   പത്മകുമാർ മുൻപു ഫിഷ് സ്റ്റാൾ ആരംഭിച്ച വേളയിൽ സമീപത്തു മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീയുടെ വീടിനു നേരെ കല്ലേറുണ്ടായ സംഭവമുണ്ടായതായി പറയുന്നു. ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകാൻ സ്ത്രീക്കു സഹായം ചെയ്ത പൊതുപ്രവർത്തകനെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയർന്നിരുന്നു. ഏതാനും വർഷം മുൻപ് നടന്ന കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ പ്രതികളായ ചിലരുമായുള്ള ബന്ധവും അന്വേഷണ വിഷയമാണ്.  ഈ കേസിലെ പ്രതികളെ കോടതി വിട്ടയച്ചിരുന്നു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പത്മകുമാർ വീട്ടിലെ നായ്ക്കളെ പോളച്ചിറ തെങ്ങുവിളയിൽ ഫാമിലേക്കു മാറ്റിയത് ഒളിവിൽ പോയാലോ പൊലീസ് പിടിയിലായാലോ അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണെന്നാണ് അനുമാനം.   ഫാം ഹൗസിൽ പകൽ ജീവനക്കാർ ഉണ്ട്. പത്മകുമാർ  ചാത്തന്നൂരിലേത്  ഉൾപ്പെടെ ബാങ്കുകളിൽ നിന്നു വായ്പ എടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. 

പൊലീസ് കാത്തുനിൽക്കെ  ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ

കൊല്ലം ∙ സംസ്ഥാന അതിർത്തിക്ക് തൊട്ടപ്പുറത്തെ ‘കേരള ഹോട്ടലിൽ’ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോൾ പത്മകുമാറിനും കുടുംബത്തിനും പരിഭ്രമം ഒട്ടുമില്ലായിരുന്നു. ഹോട്ടലിനു മുന്നിൽ നീല കാർ നിർത്തി അകത്തെ മുറിയിൽ കയറിയിരുന്ന ഇവർ 3 ഊണും മീൻ ഫ്രൈയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. അതു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തു പൊലീസ് സംഘം കാത്തുനിൽ‌പുണ്ടായിരുന്നു. അതിർത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയ്ക്കു പുതൂർ എന്ന സ്ഥലത്താണു പത്തനാപുരം സ്വദേശി നടത്തുന്ന ‘കേരള ഹോട്ടൽ’.

തമിഴ്നാട് പുളിയറ പുതൂരിലെ ഹോട്ടൽ. ഇവിടെനിന്നാണു പത്മകുമാറിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് പുളിയറ പുതൂരിലെ ഹോട്ടൽ. ഇവിടെനിന്നാണു പത്മകുമാറിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്.

ഉച്ചയ്ക്കു രണ്ടരയോടെ ഇവർ ഹോട്ടലിൽ വന്നു കയറുമ്പോൾ തന്നെ ഹോട്ടലുടമയ്ക്കു ചെറിയ സംശയം തോന്നിയിരുന്നു. പത്രത്തിൽ കണ്ട രേഖാചിത്രവുമായി സാമ്യം തോന്നുകയും ചെയ്തു. അധികം സംസാരിക്കാതെയാണു  മൂവരും അകത്തെ മുറിയിലേക്കു പോയത്. സപ്ലെയർ നേപ്പാൾ സ്വദേശി പവൻകുമാർ ഇവരുടെ ഓർഡർ എടുത്തപ്പോഴും ഇവർ തമ്മിൽ അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അര മണിക്കൂർ കഴിഞ്ഞ് ഇവർ കൈ കഴുകി പുറത്തെത്തിയപ്പോഴേക്കും അവിടെ   കാറിലും വാനിലുമായി കാത്തു കിടന്ന വനിതാ പൊലീസ് അടങ്ങുന്ന ഏഴംഗ സംഘം മൂവരെയും വളഞ്ഞു.

ഹോട്ടലിനു പിറകിലെ തെങ്ങിൻതോപ്പിലേക്കു മൂവരെയും മാറ്റി നിർത്തി പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഫോൺ ഇടയ്ക്കു വാങ്ങി പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നു ലഭിച്ച ചില തെളിവുകൾ നിർണായകമായി. മൂന്നരയോടെ ഇവരെ കാറിൽ കയറ്റി പൊലീസ് സംഘം കേരളത്തിലേക്കു തിരിച്ചു. പത്മകുമാറിന്റെ നീല കാർ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഓടിച്ചത്. ഈ ഹോട്ടലിന് ഏതാണ്ട് അടുത്തായി പത്മകുമാറിനു കൃഷിത്തോട്ടം ഉണ്ടെന്നും ഇവിടെ താമസിക്കാൻ ചെറിയ സൗകര്യമുണ്ടെന്നും പറയുന്നു. 

English Summary:

Kollam child abduction: Three members of a family in custody from near Shenkottai in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com