സോളർ ഗൂഢാലോചനക്കേസ്: ഗണേഷ്കുമാർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
Mail This Article
കൊട്ടാരക്കര∙ സോളർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തി 4 പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ രണ്ടാം പ്രതി കെ.ബി.ഗണേഷ്കുമാർ എംഎൽഎ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു.
കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഗണേഷ്കുമാറിന്റെ ഹർജി ആറിന് പരിഗണിക്കും. നേരത്തേ പല തവണ സമൻസ് അയച്ചിട്ടും ഗണേഷ്കുമാർ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കുറ്റാരോപിതർ നിയമ നടപടികൾക്ക് വിധേയമാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 6ന് പരിഗണിക്കാനിരുന്ന കേസ് മുൻകൂർ അപേക്ഷ നൽകിയാണ് ഇന്നലത്തേക്ക് മാറ്റിയത്.
ഒന്നാം പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരിയും 6ന് ഹാജരാകണം. കേസിലെ പരാതിക്കാരൻ അഡ്വ.സുധീർ ജേക്കബും അഭിഭാഷകൻ അഡ്വ.ജോളി അലക്സും ഹാജരായി. കെ.ബി.ഗണേഷ്കുമാറിന് വേണ്ടി അഡ്വ.ഷൈൻ പ്രഭ ഹാജരായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പ്രമുഖർക്കും എതിരെ 25 പേജുള്ള കത്ത് സോളർ പീഡനക്കേസിലെ പരാതിക്കാരി ജുഡീഷ്യൽ കമ്മിഷന് നൽകിയിരുന്നു.
ജയിലിൽ വച്ച് എഴുതിയ കത്തിൽ 21 പേജാണ് ഉണ്ടായതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേർത്ത് 25 പേജാക്കിയാണ് ജുഡീഷ്യൽ കമ്മിഷന് നൽകിയതെന്നും ആരോപിച്ചാണ് കേസ് നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.