ചണ്ണപ്പേട്ട മാലിന്യ പ്ലാന്റ്: ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു
Mail This Article
ചണ്ണപ്പേട്ട ∙ പരപ്പാടി എസ്റ്റേറ്റിന്റെ 50 ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങി വൻകിട മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ വൻ ജനപങ്കാളിത്തം. രാഷ്ട്രീയഭേദമന്യേ നാട്ടുകാർ ഒത്തു കൂടുകയായിരുന്നു. തെക്കൻ കേരളത്തിലെ 5 ജില്ലകളിലെ മാലിന്യം ഇവിടെ എത്തിച്ചു സംസ്കരിക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നു നാട്ടുകാർ പ്രഖ്യാപിച്ചു.മാലിന്യ പ്ലാന്റിനു വേണ്ടി വസ്തു വിട്ടുകൊടുക്കാൻ സ്ഥലം ഉടമ സമ്മതം അറിയിച്ച വിവരം കഴിഞ്ഞ ദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണു നാട്ടുകാർ സംഘടിച്ച് രംഗത്ത് ഇറങ്ങിയത്.
കുടുക്കത്തുപാറ ഇക്കോ ടൂറിസം മേഖലയും കാർഷിക ഗ്രാമങ്ങളും ചേർന്ന ചണ്ണപ്പേട്ടയിൽ ഇത്തരം ഒരു മാലിന്യ സംസ്കരണ ശാല സ്ഥാപിച്ചാൽ ഇവിടം മറ്റൊരു ബ്രഹ്മപുരം ആകുമെന്നു നാട്ടുകാർ പറയുന്നു. കുറഞ്ഞത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജനവാസം അസാധ്യമാകും. വസ്തുക്കൾ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസ്സപ്പെടുമെന്നു ജനങ്ങൾ ഭയക്കുന്നു. ബഥനി മാർത്തോമ്മാ ഇടവക വികാരി റവ. ബഞ്ചമിൻ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്, വൈസ് പ്രസിഡന്റ് ജി.പ്രമോദ്, പഞ്ചായത്ത് അംഗം ബിനു ചാക്കോ , സജീവ് പാങ്ങലുകാട്ടിൽ, എം.എം.സാദിക്ക് , ദിലീപ് , ബിജു ലൂക്കോസ്, എം.എസ്.മണി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : നോവലിസ്റ്റ് ബാബു തടത്തിൽ (ചെയർമാൻ ), ചാർലി കോലത്ത് (രക്ഷാധികാരി ), റോയ് ടി.ജോൺ ( പ്രസി) ,ബിനു സി.ചാക്കോ ( വൈസ് പ്രസി), ലിജോ തടത്തിൽ ( സെക്ര), അജിൽ ചന്ദ്രൻ ( ജോയിന്റ് സെക്ര) .