ADVERTISEMENT

കൊട്ടാരക്കര∙ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്. വിശദമായ അന്വേഷണത്തിനാണ് പ്രത്യേക  സംഘത്തെ നിയോഗിക്കുന്നതെന്ന് ഡിഐജി ആർ. നിശാന്തിനിയുടെ ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു  കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.  പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (20) എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെടാൻ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിക്കണമെന്നു കാണിച്ചാണ് അപേക്ഷ. 

മോചനദ്രവ്യത്തിനായി കുട്ടിയെ കാറിൽ കടത്തിക്കൊണ്ടു പോയി തടങ്കലിൽ‌ പാർപ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  ഡിവൈഎസ്പി എം.എം.ജോസിനു പുറമേ പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ടി.ബിജു, എസ്ഐ അഭിലാഷ്, പൊലീസ് ഓഫിസർമാരായ സി.മനോജ്കുമാർ, ബിനു, ഷൈജു, സജി ജോൺ, ഡി.ജിജിമോൾ, അംബിക, രാജേഷ്, ബിജേഷ്, മഹേഷ് മോഹൻ, ജിജി സനോജ് എന്നിവരാണ് സംഘത്തിൽ. കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യു  മേൽനോട്ടം വഹിക്കും. ഡോ.വന്ദന ദാസിനെ താലൂക്ക് ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസും ഡിവൈഎസ്പി എം.എം.ജോസിന്റെ സംഘമാണ് അന്വേഷിച്ചത്. അന്നു 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. 

കൂടുതൽ പേരിലേക്ക് അന്വേഷണമെത്തിയേക്കും
കൊട്ടാരക്കര∙ കൂടുതൽ ആഴത്തിൽ‌ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് നിർദേശം ലഭിച്ചതോടെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം വിപുലമാകുമെന്നു പ്രതീക്ഷ. കേസുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങാൻ സാധ്യതയേറി. പിടിയിലായ 3 പ്രതികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത എഡിജിപി എം.ആർ.അജിത്കുമാർ കേസിൽ പ്രതികളെല്ലാം പിടിയിലായെന്നാണു വെളിപ്പെടുത്തിയത്. ഇതിനെതിരെ സംശയങ്ങൾ വ്യാപകമായി ഉയർന്നതോടെ പൊലീസ് പ്രതിരോധത്തിലാണ്. കോടികൾ ആസ്തിയുള്ള കുടുംബം 10 ലക്ഷം രൂപയ്ക്കായി സാധാരണ കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പൊലീസ് കണ്ടെത്തലിൽ സംശയങ്ങൾ ഏറെയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകാനിടയുണ്ടെന്നാണു സംശയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com