കുളക്കട – ഇളങ്ങമംഗലം തൂക്കുപാലം അന്തിമഘട്ടത്തിൽ
Mail This Article
പുത്തൂർ ∙ 5 വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ നവീകരണം ആരംഭിച്ച കുളക്കട - ഇളങ്ങമംഗലം തൂക്കുപാലത്തിന്റെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. പണികൾ പൂർത്തിയാക്കി പുതുവർഷ സമ്മാനമായി പാലം നാടിനു തുറന്നു കൊടുക്കും എന്ന പ്രതീക്ഷയിലാണ് നാട്. 2018ലെ പ്രളയത്തിൽ തടി വന്നിടിച്ചു മുറിഞ്ഞു മാറിയ പാലം പൂർവസ്ഥിതിയിൽ ആക്കിയിട്ടുണ്ട്. പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്ത് അലുമിനിയം പ്ലേറ്റുകൾ പാകുന്ന ജോലികളും പൂർത്തിയായി. കോൺക്രീറ്റ് തൂണുകൾ കൂടുതൽ ബലപ്പെടുത്തി. കുളക്കട ഭാഗത്തെ കാടുമൂടിയ നടപ്പാത തെളിച്ച് ഇന്റർലോക്ക് ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.
പാലത്തിന്റെ തൂക്കുഭാഗങ്ങൾ ബലപ്പെടുത്തുകയും തുരുമ്പെടുത്തവ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്ന ജോലികൾ ബാക്കിയാണ്. ഇളങ്ങമംഗലം ഭാഗത്തെ തൂണിനോടു ചേർന്നു മണ്ണ് ഒഴുകിപ്പോയതിനാൽ ഇവിടെ സംരക്ഷണ കവചം തീർക്കാനും ഉണ്ട്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണു പാലം നവീകരിക്കുന്നത്. മരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല. പണികൾ ഗുണനിലവാര നിഷ്കർഷതയോടു കൂടി അതിവേഗം പൂർത്തിയാക്കണം എന്നാണു മന്ത്രിയുടെ നിർദേശം. ഒരു മാസത്തിനുള്ളിൽ അവശേഷിക്കുന്ന പണികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഫൊട്ടോഷൂട്ട് അരുതെന്ന് അധികൃതർ
കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലം ആയതിനാൽ ഇവിടം ഫോട്ടോഷൂട്ടുകാർക്കും പ്രിയംകരമായ ലൊക്കേഷനാണ്. പാലം പണി പുരോഗമിക്കുന്നത് അനുസരിച്ച് ഇത്തരക്കാരുടെ തിരക്കും കൂടുന്നുണ്ട്. പക്ഷേ, പണി പൂർത്തിയായി സുരക്ഷ ഉറപ്പാക്കാതെ പാലത്തിൽ കയറരുത് എന്നാണ് അധികൃതരുടെ കർശന നിർദേശം. ഇക്കാര്യം വ്യക്തമാക്കി ഇരു കരകളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.