ADVERTISEMENT

കൊല്ലം ∙ മഴക്കാല പൂർവശുചീകരണം താളം തെറ്റിയതിനു പിന്നാലെ തീരദേശത്ത് ഉൾപ്പെടെ നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു. ഡെങ്കിപ്പനിയും പനിയും പടർന്നു പിടിക്കുന്നു.   വാടി, മൂതാക്കര, തങ്കശ്ശേരി തുടങ്ങിയ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കുന്നുകൂടി കിടക്കുകയാണ്. മത്സ്യലേല ഹാളുകൾക്കു സമീപമാണു മാലിന്യങ്ങൾ കുന്നുകൂടിയത്. ഇവ പൂർണമായി നീക്കം ചെയ്തു നിരീക്ഷണം ഏർപ്പെടുത്താൻ കോർപറേഷൻ  നടപടി സ്വീകരിക്കുന്നില്ല.

അർധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവന്നാണു മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി പിക്കപ് വാഹനങ്ങളിലും   കൊണ്ടുവന്ന് വഴിയരികിൽ ഉൾപ്പെടെ തള്ളുന്നുണ്ട്.  പോളയത്തോട് ശ്മശാനത്തിലും മല പോലെ മാലിന്യം കിടക്കുകയാണ്. ശുചീകരണ തൊഴിലാളികൾ ശേഖരിച്ചവ ഉൾപ്പെടെയാണ് ഇത്. ഇവിടെനിന്ന് ഏതാനും ലോറി പ്ലാസ്റ്റിക് മാലിന്യം ഇതു സംഭരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് അനധികൃതമായി നൽകിയതായും ആരോപണം ഉണ്ട്. 

കൊല്ലം തോട്
കൊല്ലം തോട്ടിലേക്കു മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് ഉയരത്തിൽ കമ്പിവേലി നിർമിച്ചതോടെ വഴിയരികിലാണ് ഇതു വലിച്ചെറിയുന്നത്. കല്ലുപാലം മുതൽ കൊച്ചുപിലാംമൂട് വരെയും  മുണ്ടയ്ക്കൽ മേഖലയിലും തോടിന്റെ തീരത്ത് മാലിന്യം മാലിന്യം തള്ളുകയാണ്. 

വാഹനം പിടികൂടി
കഴിഞ്ഞ ദിവസം മുണ്ടയ്ക്കൽ മേഖലയിൽ കൊല്ലം തോടിന്റെ തീരത്തു മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ പിടികൂടി കോർപറേഷന് കൈമാറി. ഓഡിറ്റോറിയത്തിൽ നിന്നുള്ള മാലിന്യവുമായി എത്തിയതാണ് വാഹനം. കൗൺസിലർ കുരുവിള ജോസഫിന്റെ നേതൃത്വത്തിലാണു വാഹനം പിടികൂടി  കൈമാറിയത്. 25,000 രൂപ പിഴ ഈടാക്കി. 

ഓടകളിൽ മാലിന്യം
മഴക്കാല പൂർവശുചീകരണം പേരിനു മാത്രമാണു നടന്നത്. നഗരത്തിലെ പ്രധാന വീഥികളിലെ ഓടകൾ പോലും മാലിന്യം നിറഞ്ഞു കിടക്കുകയാണ്.  ഇപ്പോൾ ജില്ലാ ആശുപത്രിക്കു സമീപം  റോഡിൽ മാത്രമാണ് ഓട ശുചീകരണം നടക്കുന്നത്.  ഇടറോഡുകളിൽ  മിക്കയിടത്തും കാടു കയറിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകുമെന്ന ഭീതിയിലാണു കാൽനട യാത്രക്കാർ. 

തൊഴിലാളികളില്ല
ശുചീകരണ തൊഴിലാളികളിൽ അൻപതോളം പേർ വിരമിച്ചെങ്കിലും പകരം കരാർ നിയമനം നടന്നിട്ടില്ല. തൊഴിലാളികളുടെ കുറവ് ശുചീകരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചിൽ നിന്നു പട്ടിക വാങ്ങി 8 മാസം മുൻപ് അഭിമുഖം നടത്തിയെങ്കിലും ആരെയും നിയമിച്ചില്ല. നിയനം സംബന്ധിച്ച് ഇടതു മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള തർക്കമാണ് കാരണം എന്നു പറയുന്നു.   ദീർഘ വർഷങ്ങളായി ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന  49 തൊഴിലാളികൾ സിഎൽആർ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇവരെ പരിഗണിക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇവർ കോൺഗ്രസ് അനുഭാവ യൂണിയനിൽ ചേർന്നതിനാൽ കരാർ തൊഴിലാളികളായി അംഗീകരിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണെന്നു പറയുന്നു. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെ ജോലി നൽകിയെങ്കിലും പിന്നീട് ഇവരെ ശുചീകരണത്തിനു നിയോഗിച്ചിട്ടില്ല.

ഡെങ്കിപ്പനി   പിടിമുറുക്കുന്നു
കൊല്ലം∙ മഴക്കാല പൂർവശുചീകരണം താളം തെറ്റുകയും ഓടയിലും റോഡിലും മാലിന്യം നിറയുകയും ചെയ്തതോടെ നഗരത്തിൽ ഡെങ്കിപ്പനി വ്യാപകമായി. വാടി, കുരീപ്പുഴ വെസ്റ്റ്, ശക്തികുളങ്ങര, ഉളിയക്കോവിൽ മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലുള്ളത്. മുണ്ടയ്ക്കൽ ഉൾപ്പെടെ മറ്റു മേഖലകളിലും  റിപ്പോർട്ട് ചെയ്യുന്നുണ്ട്.  നഗരത്തിൽ 85 ൽ ലേറെ പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഉളിയക്കോവിൽ മേഖലയിൽ  വ്യാപനം കുറഞ്ഞു തുടങ്ങി.  ഇത്തരം മേഖലയിൽ  വീടു കയറിയുള്ള ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com