ADVERTISEMENT

കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളിൽ ഒരാളായ അനുപമയുടെ ഫേസ്ബുക് പേജ് വീണ്ടും സജീവമായി. യുട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്ത വിഡിയോകളാണ് അനുപമ പത്മൻ എന്ന പേരിലുള്ള ഫെയ്സ്ബുക് പേജിൽ അപ്‌ലോ‍ഡ് ചെയ്തത്. അനുപമയുടെ പേജ് മറ്റാരോ ദുരുപയോഗം ചെയ്തുവെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. മേയ് മാസത്തിൽ സൃഷ്ടിച്ച പേജ് നവംബർ 17നാണ് അനുപ പത്മൻ എന്ന പേരിലേക്ക് മാറ്റിയത്. അനുപമയുടെ മറ്റൊരു ഫെയ്സ്‌ബുക് പേജുമുണ്ട്. അതിൽ അവസാനത്തെ പോസ്റ്റ് ഓഗസ്റ്റ് മാസത്തിലേതാണ്.

അതിനിടെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 7ന് പരിഗണിക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും. അന്വേഷണം ഏറ്റെടുത്ത റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പള്ളി പൊലീസ് കേസ് ഡയറി കൈമാറി.

പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ലോക്കൽ പൊലീസ് അന്വേഷണത്തിനെതിരെ‍ ഉയർന്ന ആരോപണങ്ങൾ‍ കൂടി പരിശോധിച്ചാകും തുടർ നടപടികൾ. കേസിൽ പിടിയിലായ കുടുംബാംഗങ്ങൾക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു കണ്ടെത്താനാണ് പ്രധാന ശ്രമം. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയെ മയക്കാൻ ഗുളിക നൽകിയെന്ന സംശയത്തെ തുടർന്ന് ലാബിൽ രാസപരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലവും വൈകാതെ ലഭിച്ചേക്കും.

കസ്റ്റഡിയിലെടുത്ത ഫോണുകളിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്.

കുടുംബാംഗങ്ങളുടെ ഫോണിന് പുറമേ മറ്റൊരാളുടെ ഫോണും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്തെ പീപ്പിൾസ് ഫോർ അനിമൽ സംഘടന പ്രവർത്തകർ പത്മകുമാറിന്റെ ചിറക്കരയിലെ ഫാം സന്ദർശിച്ചു. സംഘടന പ്രവർത്തക മരിയ ജേക്കബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.

ഫാമിലെ മൃഗങ്ങളുടെ ആരോഗ്യം സംബന്ധിച്ചു സംഘടനയ്ക്ക് ലഭിച്ച ഒട്ടേറെ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് ഫാമിൽ പരിശോധന നടത്തിയതെന്നു മരിയ ജേക്കബ് പറഞ്ഞു. നിലവിൽ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വിലയിരുത്തി.

ഫാം ഹൗസ് ജീവനക്കാരിയുടെ ഭർ‌ത്താവിനെ ആക്രമിച്ചവർ പിടിയിൽ

പരവൂർ∙തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി കെ.ആർ.പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പോളച്ചിറയിലെ ഫാമിലെ ജീവനക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ആക്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. കാരംകോട് പുത്തൻവീട്ടിൽ അനന്തു വിക്രമൻ (31), ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (30), കാരംകോട് സനൂജ് മൻസിലിൽ സനൂജ് (31) എന്നിവരെയാണ് പരവൂർ പൊലീസ് പിടികൂടിയത്.

ഫാം ജീവനക്കാരി ഷീബയുടെ ഭർത്താവ് ചിറക്കര തെങ്ങുവിള അരുണോദയം വീട്ടിൽ ആർ.ഷാജി (44), സഹോദരൻ ബിജു (40) എന്നിവർക്കു നേരെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45 ന് ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. തെങ്ങുവിള റോഡിൽ കനാലിന്റെ സമീപം സഹോദരൻ ബിജുവിനെ കുടുംബ വീട്ടിൽ ഇറക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങിയ ഷാജിയെ ഓട്ടോയിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇതുകണ്ട് ഓടിയെത്തിയ ബിജുവിനെയും അക്രമികൾ ക്രൂരമായി മർദിച്ചു. ബഹളം കേട്ടു നാട്ടുകാർ എത്തിയതോടെ അക്രമി സംഘം കടന്നു കളയുകയായിരുന്നു. ഇരുവരെയും ആദ്യം നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

വാഹനത്തിന് സൈഡ് നൽകുന്നതും റോഡിലിരുന്നു മദ്യപിച്ചതും ചോദ്യം ചെയ്തതും സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു പൊലീസ് ഭാഷ്യം. കനാൽ റോഡിലൂടെ ഓട്ടോയിൽ എത്തിയ പ്രതികൾക്ക് ഷാജിയുടെ ബൈക്ക് തടസ്സം സൃഷ്ടിച്ചു റോഡിലിരുന്നത് കാരണം പോകാൻ സാധിച്ചില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കത്തിലായതോടെയാണ് അക്രമം ആരംഭിച്ചതെന്നു പൊലീസ് പറയുന്നു. പരവൂർ എസ്എച്ച്ഒ എ.നിസാർ, എസ്ഐ സുജിത്ത് ജി.നായർ, എഎസ്ഐ ബിജു, സീനിയർ സിപിഒ നെൽസൺ, സിപിഒ അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഫാം ജീവനക്കാരിക്കു ഭീഷണി: പ്രതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു

പരവൂർ∙ പത്മകുമാറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് ഫാം ജീവനക്കാരി ഷീബയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി ഭർത്താവ് ഷാജിയുടെ ഫോണിലേക്ക് വിളി വന്ന സംഭവത്തിൽ ഷാജിയുടെ സുഹൃത്ത് ചാത്തന്നൂർ സ്വദേശി രാജേഷിനെ ചോദ്യം ചെയ്തു. വധിക്കുമെന്നു പറഞ്ഞിട്ടില്ലെന്നാണ് രാജേഷ് പറഞ്ഞത്. പത്മകുമാർ നേരത്തേ നടത്തിയിരുന്ന കേബിൾ ടിവി നെറ്റ്‌വർക്കിൽ ജീവനക്കാരനായിരുന്നു രാജേഷ്. നട്ടെല്ലിനു ക്ഷതമേറ്റു 4 വർഷമായി കിടപ്പിലാണ്. ഷീബയെ ഭീഷണിപ്പെടുത്തിയില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചത് ഒഴിവാക്കാമായിരുന്നു എന്നുമാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്നാണ് രാജേഷ് പറഞ്ഞത്. ഞായറാഴ്ച വധഭീഷണി സംബന്ധിച്ചു ഷീബ നൽകിയ പരാതിയിൽ ഇന്നലെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

English Summary:

Kollam child missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com