മാലിന്യ പ്ലാന്റ് പ്രശ്നം: പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം നാളെ
Mail This Article
ചണ്ണപ്പേട്ട ∙ പരപ്പാടി എസ്റ്റേറ്റിൽ വൻകിട മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് അലയമൺ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം നാളെ 11നു ചേരും. അതീവ ഗൗരവമുള്ള വിഷയം പഞ്ചായത്ത് കമ്മിറ്റി ലാഘവത്തോടെ കാണുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ നൽകിയ നിവേദനത്തെത്തുടർന്നാണു തീരുമാനം.തെക്കൻ കേരളത്തിലെ 5 ജില്ലകളിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ 50 ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങാൻ സർക്കാർ ശ്രമം തുടങ്ങിയതായി വ്യക്തമായ വിവരം ലഭിച്ചെങ്കിലും ഇതെല്ലാം ഊഹാപോഹങ്ങളും വ്യാജ പ്രചാരണവും ആണെന്നായിരുന്നു പഞ്ചായത്ത് ഭാരവാഹികളുടെ നിലപാട്. എന്നാൽ, ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ നിലപാടിൽ മാറ്റം വന്നു. ആക്‌ഷൻ കൗൺസിൽ രൂപീകരണത്തിലും തുടർ പ്രവർത്തനങ്ങളിലും വൻ ജനകീയ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിനിടെ വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമം തുടങ്ങിയതായി കൂടുതൽ വ്യക്തമാകുകയും ചെയ്തു.