ADVERTISEMENT

പരവൂർ∙ തെക്കുംഭാഗം ബീച്ചിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാതായി 8 മാസം കഴിഞ്ഞിട്ടും നടപടിയില്ല. ദിവസേനെ ബീച്ചിലെത്തുന്ന നൂറിലേറെ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളാണ് വെളിച്ചക്കുറവ് മൂലം ദുരിതമനുഭവിക്കുന്നത്. ഒരു വർഷം മുൻപ് 9 ലക്ഷം രൂപ ചെലവിൽ നഗരസഭ 20 തെരുവ് വിളക്കുകളാണ് തെക്കുംഭാഗം ബീച്ചിൽ സ്ഥാപിച്ചത്. ഉദ്ഘാടനം കഴിഞ്ഞു 2 മാസം മാത്രമാണ് ഇവ പ്രകാശിച്ചത്. പ്രദേശവാസികളും നാട്ടുകാരും കച്ചവടക്കാരും ഒട്ടേറെ തവണ നഗരസഭയിൽ പരാതി നൽകിയിട്ടും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി ഉണ്ടായിട്ടില്ല. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഇരുട്ട് വീഴുന്നതോടെ പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയാണ്. ലഹരി സംഘങ്ങളും നമ്പർ പ്ലേറ്റ് മറച്ചു ആഡംബര ബൈക്കുകളിലെത്തി ആഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരുമാണ് വെളിച്ചക്കുറവ് മുതലെടുക്കുന്നത്. 

കോവിഡ് കാലത്തിന് ശേഷം ഇടവ-നടയറ കായലിനും കടലിനും മധ്യഭാഗത്തുള്ള പരവൂർ തെക്കുംഭാഗം തീരത്തേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിച്ചു വരുകയാണ്. വർക്കലയിലെത്തുന്ന ഭൂരിഭാഗം ആഭ്യന്തര വിനോദ സഞ്ചാരികളും പരവൂർ തെക്കുംഭാഗം, പൊഴിക്കര കടൽ തീരങ്ങളും നെടുങ്ങോലം കായൽ-കണ്ടൽ ടൂറിസം മേഖലകളും സന്ദർശിക്കാറുണ്ട്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ വൈകുന്നേരം 6 മണി കഴിയുന്നതോടെ സഞ്ചാരികൾ തെക്കുംഭാഗം തീരം വിട്ടു പോകാൻ നിർബന്ധിതരാകുകയാണ്. ഇരുട്ടിന്റെ മറവിൽ തീരത്തെ ഇരിപ്പിടങ്ങൾ അടിച്ചു തകർത്തത് മാസങ്ങൾക് മുൻപാണ്. ഇവിടെ എത്തുന്ന തദ്ദേശീയരും വെളിച്ച കുറവ് കാരണം ദുരിതമനുഭവിക്കുകയാണ്. പരവൂരിന്റെ ടൂറിസം വികസനത്തിന്റെ കവാടമായ തെക്കുംഭാഗം തീരത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നത് ദീർഘനാളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.

പരവൂർ തെക്കുംഭാഗം തീരത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തെക്കുംഭാഗം വാർഡ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചപ്പോൾ.
പരവൂർ തെക്കുംഭാഗം തീരത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തെക്കുംഭാഗം വാർഡ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചപ്പോൾ.

കോൺഗ്രസ്  പ്രതിഷേധിച്ചു
പരവൂർ തെക്കുംഭാഗം തീരത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവിശ്യപ്പെട്ടു കോൺഗ്രസ് തെക്കുംഭാഗം വാർഡ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.ഷുഹൈബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേരുകടവ് ബൂത്ത് പ്രസിഡന്റ് ഷിബിനാഥ്, യാസർ, മിഥുൻ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com