കണ്ണടച്ച് തെരുവ് വിളക്കുകൾ, ഇരുട്ടിൽ തപ്പി അധികൃതർ
Mail This Article
കൊല്ലം ∙ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ നഗരത്തിൽ മിക്കയിടത്തും തെരുവ് വിളക്കുകൾ കണ്ണടച്ച നിലയിൽ . ചില ഇടങ്ങളിൽ ലൈറ്റ് പ്രകാശിക്കുമ്പോൾ പ്രധാനപ്പെട്ട മറ്റിടങ്ങൾ ഇരുട്ടിലാണ്. ഓരോ കോർപറേഷൻ കൗൺസിലിലും തെരുവുവിളക്കുകളുടെ പ്രശ്നം മുഖ്യ വിഷയമാകാറാണ്ടെങ്കിലും വെളിച്ചം പൂർണമായെത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കോർപറേഷൻ കൗൺസിൽ നടക്കുന്നതിന് അടുത്തുള്ള ദിവസങ്ങളിലും ശേഷമുള്ള കുറച്ചു ദിവസങ്ങളിലും മാത്രം തെരുവുവിളക്കുകൾ പ്രകാശിക്കുന്ന പ്രത്യേക സാഹചര്യം ആരും കാണുന്നില്ലെന്നു കരുതരുതെന്നും ശക്തമായ നടപടി ഉണ്ടാവുമെന്നും മുൻപ് നടന്ന ഒരു കൗൺസിലിൽ മേയർ പ്രസന്ന ഏണസ്റ്റ് സൂചിപ്പിച്ചിരുന്നു. നാളെ കൗൺസിൽ നടക്കാനിരിക്കെ നഗരത്തിൽ ചിലയിടങ്ങളിൽ വിളക്കുകൾ പ്രകാശിച്ചതിനു പിന്നിലും ഇതേ പ്രത്യേക സാഹചര്യമാണോ എന്ന് വ്യക്തമല്ല.
കർബല–ചെമ്മാൻമുക്ക് റോഡ്
കർബല ജംക്‌ഷനിൽ നിന്നു ചെമ്മാൻമുക്ക് ഭാഗത്തേക്ക് പോകുന്ന വഴി പൂർണമായും ഇരുട്ടിലാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒട്ടേറെ യാത്രക്കാർ ഉപയോഗിക്കുന്ന ഈ വഴി ഇരുട്ടിലായിട്ട് മാസങ്ങളായി. കച്ചവട സ്ഥാപനങ്ങളും മറ്റു വീടുകളും കുറവായ ഈ ഭാഗത്ത് എത്രയും പെട്ടെന്നു തന്നെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കേണ്ടതുണ്ട്.
കൊച്ചുപിലാംമൂട് പാലം
കൊല്ലം ബീച്ചിലേക്കുള്ള പ്രധാന വഴിയായ കൊച്ചുപിലാംമൂട് പാലത്തിൽ ഒറ്റ തെരുവുവിളക്ക് പോലും പ്രകാശിക്കുന്നില്ല. ബീച്ചിലേക്കെത്തുന്നവർ സഞ്ചരിക്കുന്ന ഈ പാലം പൂർണമായും ഇരുട്ടിലാണ്.
കമ്മിഷണർ ഓഫിസിന് സമീപത്തെ ആർഒബി
പാതി വെളിച്ചവും പാതി ഇരുട്ടുമാണ് കമ്മിഷണർ ഓഫിസിന് സമീപത്തെ മേൽപാലത്തിലെ സവിശേഷത. ചില ദിവസങ്ങളിൽ പൂർണമായും ഇരുട്ടിലായിരിക്കും. റോഡും പൊളിഞ്ഞു കിടക്കുന്നതിനാൽ ഇതിലൂടെയുള്ള രാത്രി സഞ്ചാരം ഏറെ ബുദ്ധിമുട്ടേറിയതാണ്. ഇതിനു പുറമേ ചിന്നക്കട, ഹൈസ്കൂൾ ജംക്‌ഷൻ, കച്ചേരി മുക്ക്, കടപ്പാക്കട–കപ്പലണ്ടിമുക്ക് റോഡ് എന്നിവിടങ്ങളിലെ ചില പ്രദേശത്തും തെരുവുവിളക്കുകളുടെ അവസ്ഥ സമാനമാണ്. കൊല്ലം നഗരത്തിലേക്ക് മറ്റു ജില്ലകളിലെ വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് ആളുകൾ കലോത്സവത്തിനായി എത്താനിരിക്കേ നഗരത്തെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് ആവശ്യം.