ADVERTISEMENT

കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവരെ 7 ദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമുണ്ടെന്ന അപേക്ഷ പരിഗണിച്ചാണു കൊട്ടാരക്കര ഒന്നാം ക്ലാസ്  മജിസ്ട്രേട്ട് എസ്.സുരാജിന്റെ ഉത്തരവ്. പ്രതികളെ 14ന് 11 മണിക്ക് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

കസ്റ്റഡി അപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നു കണ്ടെത്തണമെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളുമായി പ്രതികൾക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കണമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസി.പബ്ലിക് പ്രോസിക്യൂട്ടർ ഷൈല മത്തായി വാദിച്ചു.

പ്രതികളിൽ നിന്നു ഡയറികളും ബുക്കുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ എവിടെയൊക്കെ താമസിക്കുന്നു എന്നതിന്റെ വിവരങ്ങളും രേഖകളിലുണ്ട്. കൂടാതെ ലാപ്ടോപ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ നിർണായകമാണെന്നും 7 ദിവസത്തെ കസ്റ്റഡി വേണമെന്നും അഭിഭാഷക വാദിച്ചു. പൊലീസ് പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും 3 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വിടരുതെന്നും പത്മകുമാറിനു വേണ്ടി ഹാജരായ അഡ്വ. കെ.സുഗുണനും അനിതകുമാരിക്കും അനുപമയ്ക്കും വേണ്ടി ഹാജരായ അഡ്വ.അജി മാത്യുവും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസും കോടതിയിലെത്തിയിരുന്നു. 

കസ്റ്റഡി അപേക്ഷയിൽഉന്നയിച്ച കാരണങ്ങൾ
∙ കുട്ടിയെ പാർപ്പിച്ച സ്ഥലം കണ്ടെത്തി അവിടെ നിന്നു തെളിവുകൾ ശേഖരിക്കണം
∙ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തണം 
∙ കാറിൽ നിന്നു കണ്ടെത്തിയ തെളിവുകളുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണം 
∙ പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും ഗൂഢാലോചനയിൽ പങ്കാളികളുണ്ടോയെന്നും കണ്ടെത്തണം
∙ തട്ടിക്കൊണ്ടുപോകുമ്പോൾ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പ്രതികൾ എന്തു ചെയ്തു
∙ തട്ടിക്കൊണ്ടുപോകലിനു പ്രേരിപ്പിച്ച സാഹചര്യങ്ങൾ കണ്ടെത്തണം 
∙ കുട്ടിയെ ഉപേക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തണം.

മുഖം മറയ്ക്കാതെ പ്രതികൾ
കനത്ത പൊലീസ് കാവലിലാണ് പ്രതികളായ പത്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകൾ അനുപമയെയും ഇന്നലെ രാവിലെ പതിനൊന്നരയോടെ കൊട്ടാരക്കര കോടതി പരിസരത്ത് തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത്. ആദ്യം പത്മകുമാറിനെ വാഹനത്തിൽ നിന്ന് ഇറക്കി. പിന്നാലെ അനിതകുമാരിയും അനുപമയും. കഴിഞ്ഞ ദിവസത്തെപ്പോലെ ആരും മുഖം മറച്ചിരുന്നില്ല. പത്മകുമാർ നീല മാസ്ക് ധരിച്ചിരുന്നു. അകത്തേക്കു കടന്നപ്പോൾ പിന്നിൽ ഭാര്യയും മകളും ഉണ്ടോയെയെന്നറിയാൻ പത്മകുമാർ പല തവണ തിരിഞ്ഞു നോക്കി. ക്യാമറകളുടെ നടുവിലേക്ക് എത്തിയതോടെ അനിതകുമാരിയും അനുപമയും ഷാൾ കൊണ്ട് തല മറച്ചു. വനിതാ പൊലീസ് ഉൾപ്പെടെ പാടുപെട്ടാണ് സംരക്ഷണ വലയം തീർത്ത് മൂന്നാം നിലയിലെ കോടതി മുറിയിൽ മൂവരെയും  എത്തിച്ചത്. തുടർന്ന് പ്രതിക്കൂട്ടിലേക്ക്. ഇടയ്ക്ക് അനിതകുമാരി ഭർത്താവിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പ്രതികളുടെ വക്കാലത്തിനെ ചൊല്ലി അഭിഭാഷകർ തമ്മിലുള്ള തർക്കം കാരണം നടപടികൾ അരമണിക്കൂറോളം വൈകി. കോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ 6 അഭിഭാഷകർ എത്തിയിരുന്നു. പ്രതികളുടെ താൽപര്യപ്രകാരം 2 അഭിഭാഷകർ ഹാജരായി. ഒരു മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷം മൂന്ന് പ്രതികളെയും പുറത്തേക്കിറക്കി. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. പ്രതികളെ ഹാജരാക്കുമെന്നറിഞ്ഞ് വൻ ജനമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. 

ചോദ്യം ചെയ്യൽ ആരംഭിച്ചു

തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കൊട്ടാരക്കര റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ ആരംഭിച്ചു. ഒന്നാം പ്രതി  കെ.ആർ.പത്മകുമാറിനെ‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. രാത്രിയിലും ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.  മറ്റു പ്രതികളായ ഭാര്യ എം.ആർ.അനിതാകുമാരി, മകൾ പി.അനുപമ  എന്നിവരെയും പ്രത്യേകമായി ചോദ്യം ചെയ്യാനാണ് ആദ്യ ഘട്ട തീരുമാനം. മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയാൽ ഒന്നിച്ച് ചോദ്യം ചെയ്യും. ഇന്നലെ വൈകിട്ട് ഡിഐജി ആർ.നിശാന്തിനി നേരിട്ട് എത്തി  അന്വേഷണസംഘത്തിന് നിർദേശങ്ങൾ നൽകി. ഡിഐജിയുടെ കൂടി നിർദേശപ്രകാരമാകും തെളിവെടുപ്പ് സമയം തീരുമാനിക്കുന്നത്. ഇന്നും പ്രതികളുടെ ചോദ്യം ചെയ്യൽ തുടരും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതോടെ അന്വേഷണം ഊർജിതമാക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com