ADVERTISEMENT

കുന്നിക്കോട് ∙ ഒട്ടേറെ വീടുകളിലെ കിണറുകളിൽ നിന്ന് മോട്ടർ കടത്തിയ കേസിൽ പതിനാറുകാരനും സഹായിയായ യുവാവും അറസ്റ്റിൽ. കോട്ടവട്ടം സ്വദേശിയായ 16 വയസ്സുകാരനാണു നാട്ടുകാരെ ഞെട്ടിച്ച മോഷണത്തിനു പിന്നിൽ. ഇയാളെയും ഓട്ടോ ഡ്രൈവർ പനമ്പറ്റ കൈലാസം മനു ഭവനിൽ മനോജി(25)നെയും കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു മോഷണക്കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോട്ടർ മോഷണത്തിനു പിന്നിലെ ചുരുളഴിഞ്ഞത്. 

അമ്മ ഉപേക്ഷിക്കുകയും, അസുഖബാധിതനായി അച്ഛൻ കിടപ്പിലാകുകയും ചെയ്തതോടെ പതിനാറുകാരൻ വീടുവിട്ടു പോകുകയായിരുന്നു. അലഞ്ഞു തിരി‍ഞ്ഞു നടക്കുന്നതിനിടെ ചെറിയ ചെറിയ മോഷണങ്ങൾ തുടങ്ങി. ഒടുവിലാണ് കിണറ്റിലെ മോട്ടറുകൾ മോഷ്ടിക്കുന്ന രീതിയിലേക്ക് മാറിയത്. പകൽസമയത്ത് ചുറ്റി നടന്നു വീടുകളും, കിണറുകളുടെ ഭാഗത്തേക്കുള്ള വഴിയും മനസ്സിലാക്കും. രാത്രി 9 കഴിയുന്നതോടെ മോഷണം തുടങ്ങും. ഓരോ കിണറ്റിൽ നിന്നും മോട്ടറുകൾ അഴിച്ചു മാറ്റി, ആ വീടിന്റെ പുറത്തുള്ള ഏതെങ്കിലും റോഡ് വശത്ത് സൂക്ഷിക്കും. അഞ്ച് മോട്ടറെങ്കിലും ഈ രീതിയിൽ എടുത്തു കഴിയുമ്പോൾ സഹായിയായ മനോജ് ഓട്ടോയുമായി എത്തും. നിമിഷനേരം കൊണ്ട് ഓട്ടോയിൽ കയറ്റി സ്ഥലം വിടും. 

തലവൂർ പഞ്ചായത്തിലെ കുണ്ടറപ്പടി, മേലേപ്പുര, മഞ്ഞക്കാല ഭാഗങ്ങളിൽ നിന്നും എട്ടു മോട്ടറുകൾ മോഷ്ടിക്കുകയും, അതിലധികം മോട്ടറുകൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തുമ്പില്ലാതെ പൊലീസ് വലയുമ്പോഴാണു പ്രതി വലയിലാകുന്നത്. കുന്നിക്കോട് എസ്എച്ച്ഒ എം.അൻവർ, എസ്ഐ ഗംഗാ പ്രസാദ്, ബാബുരാജ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com