ADVERTISEMENT

പുനലൂർ ∙ നഗരസഭയിൽ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് 8  മാസക്കാലം രേഖപ്പെടുത്താതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടർന്ന് പുനലൂർ നഗരസഭ കാര്യാലയത്തിൽ നഗരകാര്യ വകുപ്പിന്റെ ആഭ്യന്തര (ഇന്റേണൽ) വിജിലൻസ് വിഭാഗം പരിശോധന നടത്തി അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചു. പരാതി നൽകിയ യുഡിഎഫ് കൗൺസിലർമാരെ നേരിൽ കേൾക്കുന്നതിനായി 11ന് 11ന് നഗരസഭയിൽ ഹാജരാകണം എന്നാവശ്യപ്പെട്ടു കൊണ്ട് രേഖാമൂലം വിജിലൻസ് കത്തും നൽകി.

ഇന്നലെ  നഗരസഭ ഓഫിസിൽ ആഭ്യന്തര വിജിലൻസ് ഓഫിസർ കൂടിയായ നഗരകാര്യ അസിസ്റ്റന്റ് ഡയറക്ടർ ജെ.ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ ഓഫിസിനുള്ളിൽ പരിശോധനയ്ക്കു എത്തിയത്. യുഡിഎഫ് അംഗങ്ങൾ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ ഫയലുകളും രേഖകളും സംഘം എടുത്ത് പരിശോധിച്ചു. 

യഥാസമയം രേഖപ്പെടുത്താത്ത മിനിറ്റ്സ് പിന്നീട് എഴുതി ചേർത്തപ്പോൾ ക്രമക്കേട് കാട്ടുന്നതിനു വേണ്ടി വ്യാജമായി ചേർത്തതായി പരാതിയിൽ പറഞ്ഞ 22 വിഷയങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നതിന്റെ പ്രാഥമിക നടപടിയാണ് യുഡിഎഫ് അംഗങ്ങൾക്ക് കത്ത് നൽകിയത്. മാർച്ച് മാസം പകുതിക്ക് ശേഷം ചേർന്ന കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് നഗരസഭയിൽ രേഖപ്പെടുത്തിയില്ലെന്നും പല അവസരങ്ങളിലും മിനിറ്റ്സിന് വേണ്ടി നേരിട്ടും രേഖാമൂലവും ആവശ്യം ഉന്നയിച്ചിട്ടും നൽകാൻ കൂട്ടാക്കിയില്ലെന്നും ആരോപിച്ച് നവംബർ 10ന് ചേർന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഹാളിന് പുറത്ത് പ്രതിഷേധ സംഘടിപ്പിക്കുകയും പ്രതിഷേധം സംഘർഷത്തിന് വഴിവയ്ക്കുകയും തുടർന്ന് യുഡിഎഫ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് യുഡിഎഫ് അംഗങ്ങൾ  മിനിറ്റ്സിനു  വേണ്ടി അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുകയും ചെയ്തു.

സംഘർഷത്തിൽ ഇരുപക്ഷത്തെയും കൗൺസിലർമാർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് കൗൺസിലറുടെ മുണ്ട് ഉരിഞ്ഞുവെന്ന് ആരോപിച്ച് അടുത്ത കൗൺസിൽ എൽഡിഎഫ് പുരുഷ കൗൺസിലർമാർ പാന്റസും വനിതാ കൗൺസിലർമാർ ചുരിദാറും ധരിച്ച് എത്തുകയും ആ ദിവസം കൗൺസിൽ ഹാളിൽ ഇരു പക്ഷവും തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു.

അനിശ്ചിതകാല സമരത്തിനൊടുവിൽ മിനിറ്റ്സ് തയാറാക്കി ലഭ്യമാക്കിയതിനുശേഷം സമരം അവസാനിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ തദ്ദേശ സ്വയംഭരണ സെക്രട്ടറി, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.ആ പരാതിയുടെ ഭാഗമായി നടന്ന അന്വേഷണത്തിലാണ്   പരാതി നൽകിയ അംഗങ്ങൾ നേരിൽ ഹാജരായി മൊഴി നൽകാനും ഉള്ള കത്ത് നഗരസഭാ സെക്രട്ടറി മുഖേന വിജിലൻസ് കൈമാറിയത്. 

സാമ്പത്തിക തട്ടിപ്പ് നടത്തുക എന്ന് ഉദ്ദേശത്തോട് കൂടി മാത്രം നഗരസഭാ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്താതിരിക്കുകയും മിനിറ്റിനു വേണ്ടി സത്യഗ്രഹം ആരംഭിച്ച ശേഷം വ്യാജമായി ഒട്ടനവധി കാര്യങ്ങൾ കൂട്ടിച്ചേർത്ത് മിനിറ്റ് തയാറാക്കിയതായും യുഡിഎഫ് അംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു.  സർക്കാർ ഉത്തരവുകളെ മറികടന്നുകൊണ്ട് ഒട്ടനവധി താൽക്കാലിക നിയമനങ്ങൾ നടത്തി പണം സമ്പാദിക്കുന്നതായും തെളിവുകൾ ഉണ്ടെന്നും ഇത് വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജി.ജയപ്രകാശ് അറിയിച്ചു

 പരാതിയിലെ പ്രധാന ആരോപണങ്ങൾ ഇങ്ങനെ
ഏപ്രിൽ 4ന് ചേർന്ന കൗൺസിൽ യോഗത്തിൽ ലൈഫ് മിഷന്റെ അർഹതാ മാർഗങ്ങളിൽ മാറ്റം വരുത്തി ഗുണഭോക്താക്കളെ ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ വാർഡ് അടിസ്ഥാനത്തിൽ നിശ്ചയിക്കാനുള്ള തെറ്റായ തീരുമാനം തെറ്റാണെന്നും അതിൽ പ്രതിപക്ഷം പറഞ്ഞ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നു പരാതിയിൽ പറയുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച് ലൈബ്രറിയിലേക്ക് താൽക്കാലിക നിയമനങ്ങൾക്ക് അംഗീകാരം നൽകി. ഡേറ്റ എൻട്രി ഓപ്പറേറ്ററെ സർക്കാർ  ഉത്തരവ് ലംഘിച്ച് നിയമിച്ചു.

മേയ് 18ന് ചേർന്ന കൗൺസിൽ വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് അജൻഡ കൗൺസിൽ അംഗങ്ങൾക്ക് ഭേദഗതി റിപ്പോർട്ട് നൽകാതെ തീരുമാനമെടുത്തതായി രേഖപ്പെടുത്തി. സർക്കാർ ഉത്തരവ് മറികടന്ന് ഡ്രൈവറെ നിയമിച്ചു. കൊലക്കേസിൽ ഒന്നാം പ്രതിയായി മൂന്നുമാസം ജയിലിൽ കിടന്ന കൗൺസിലറുടെ ഭാര്യ നൽകിയ അവധി അപേക്ഷ പരിഗണിച്ച് തെറ്റായി അവധി അനുവദിച്ച് ഉത്തരവിട്ടു. ഓഗസ്റ്റ് 24ന് കൂടിയ യോഗത്തിൽ നഗരസഭയുടെ ധനവിനിയോഗത്തിനായി ഒരു കൗൺസിലറുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാൻ തീരുമാനം മിനിറ്റിൽ എഴുതിയിട്ടുണ്ടെന്നും കൗൺസിലിൽ ഇപ്രകാരം തീരുമാനം വന്നിട്ടില്ലെന്നും പറയുന്നു.

സെപ്റ്റംബർ 13ന് അടിയന്തര കൗൺസിൽ യോഗം വിളിച്ച് ചട്ടവിരുദ്ധമായി 4 അജൻഡകൾ അവതരിപ്പിച്ച് അംഗീകരിച്ചു. സെപ്റ്റംബർ 30ന് കൂടിയ കൗൺസിലിൽ ശുചീകരണ തൊഴിലാളികളെ ഡ്രൈവർമാരായി നിയമിക്കാനുള്ള തെറ്റായ തീരുമാനമെടുത്തു. സെപ്റ്റംബർ 19ന് കൂടിയ യോഗത്തിൽ ഒന്നാം അജൻഡയായി ഓംബുഡ്സ്മാന്റെ ഉത്തരവ് ചർച്ച ചെയ്ത് ഈ കേസിൽ പ്രതി പട്ടികയിൽ പേരുള്ള ആളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഈ കേസിനെതിരായി നഗരസഭാ വക ഫണ്ട് ഉപയോഗിച്ച് അപ്പീൽ പോകാൻ തീരുമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com